'പ്രൊഫസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു'; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്‍റെ ഇരിഞ്ഞാലക്കുടയിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രൊഫസര്‍ അല്ലാതിരുന്ന ആര്‍. ബിന്ദു, പ്രൊഫസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം.ആര്‍.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഉണ്ണിയാടന്‍റെ ആവശ്യം.
നേരത്തെ ആര്‍. ബിന്ദു പ്രഫസര്‍ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് വിവാദത്തിലായതിന് പിന്നാലെ ആര്‍. ബിന്ദു ഇനി ഡോക്ടര്‍ ആര്‍. ബിന്ദുവെന്നാണറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി ഡോക്ടര്‍ വി.പി. ജോയ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മന്ത്രിയായതു സംബന്ധിച്ച് മേയ് 20-ന് 1600, 1601 നമ്ബര്‍ ഗസറ്റുകളിലായി വിജ്ഞാപനങ്ങളില്‍ പ്രൊഫ. ആര്‍. ബിന്ദുവെന്ന് രേഖപ്പെടുത്തിയത് തിരുത്തിയാണിത്. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷില്‍ അസോസിയേറ്റ് പ്രൊഫസറായ ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ പ്രൊഫസര്‍ ആര്‍. ബിന്ദുവായ ഞാന്‍ എന്നാണ് തുടങ്ങിയത്. ഉദ്യോഗത്തിലെ പദവി പറഞ്ഞുകൊണ്ടുള്ള പ്രതിജ്ഞ അനുചിതമാണെന്നും പ്രൊഫസര്‍ എന്ന അവകാശവാദം തെറ്റാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha



























