മിസ്സിങ് കേസ്, ദൃശ്യം മോഡൽ "കൊലപാതകമായി" ഇരിക്കൂറിൽ പണി തീരാത്ത ബാത്ത്റൂമിനുള്ളിൽ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി സ്ളാബ് കോൺക്രീറ്റ് ചെയ്തു; മാസങ്ങൾക്ക് ശേഷം പ്രതി പിടിയിലായത് പോലീസിന്റെ അന്വേഷണ മികവിൽ...

ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് പണി തീരാത്ത ബാത്ത്റൂമിനുള്ളിൽ കുഴിച്ചുമൂടി സ്ളാബ് കോൺക്രീറ്റിട്ടത് ആസൂത്രിതമായെന്ന് അന്വേഷണ സംഘം.
ഇരിക്കൂറിനടുത്ത് പെരുവളത്ത്പറമ്പിൽ താമസിച്ചിരുന്ന ബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്‌ലാ(26)മിനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും സഹപ്രവർത്തകനും ഒരേ നാട്ടുകാരനുമായ പരേഷ്നാഥ് മണ്ഡൽ (26) രണ്ടു മാസങ്ങൾക്ക് ശേഷം അറസ്റ്റിലായതോടെയാണ് ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ജൂണ്‍ 28 ന് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയെ തുടർന്ന് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഷിക്കുലിനൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു.റൂറല്‍ എസ്‌പി.യുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ സംഘം രൂപീകരിക്കുകയും, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലെ മുംബൈയില്‍ നിന്ന് പരേഷ്നാഥ് പിടിയിലായത്.
ഇരിക്കൂർ പ്രിൻസിപ്പൽ എസ്.ഐ. എം.വി.ഷീജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെ ഒരു കെട്ടിടനിർമാണ സ്ഥലത്ത് നിന്നാണ് ഇയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ഇരിക്കൂറിലെത്തിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് കൊലപാതകവും മൃതദേഹം മറവ് ചെയ്തതും പുറത്തായത്. പെരുവളത്ത്പറമ്പ് സിദ്ദിഖ് നഗറിൽ ഇവർ ജോലി ചെയ്തിരുന്ന പി.വി.മുനീറിന്റെ കെട്ടിട സമുച്ചയത്തിലെ ശൗചാലയത്തിന്റെ മൂലയിൽ ഒരു മീറ്ററോളം ആഴത്തിൽ മൃതദേഹം കുഴിച്ചിട്ട് അതിന് മുകളിൽ കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു.
പ്രതി നൽകിയ വിവരമനുസരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്കെത്തിയതെന്നുമാണ് പോലീസ് നൽകുന്ന സൂചന.
കഴിഞ്ഞ ദിവസം രാവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സ്ഥലത്തുവെച്ചുതന്നെ പോസ്റ്റ്മോർട്ടം നടത്തി.
ജില്ലാ റൂറൽ പോലീസ് മേധാവി നവനീത് ശർമ, ഇരിട്ടി ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാം, പോലീസ് ഇൻസ്പെക്ടർമാരായ കെ.സുധീർ, പി.വി.സജീവ്, കെ.ജെ.ബിനോയി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം. കൊല്ലപ്പെട്ട അഷിക്കുൽ ഇസ്‌ലാമിന്റെ മൃതദേഹാവശിഷ്ടങ്ങൾ നാട്ടിൽ കൊണ്ടുപോകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. പിടികൂടിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























