കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്. കള്ളനാണെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ ഒരുകൂട്ടം ആളുകൾ ചേർന്ന് മർദിച്ചത്. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
ആൾക്കൂട്ട മർദനത്തിൽ സാരമായി പരിക്കേറ്റ രാംനാരായണനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രാത്രിയോടെ മരണത്തിന് കീഴടങ്ങി. ഇദ്ദേഹത്തിന്റെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് സർജൻ അടക്കമെത്തി വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.
മർദനത്തെ തുടർന്നാണോ രാംനാരായണൻ മരിച്ചത് എന്ന് പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. വരും ദിവസങ്ങളിൽ പോലീസ് കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തേക്കും എന്നും വിവരമുണ്ട്.
തൊഴിലാളിയെ ക്രൂരമായി മർദിച്ചതിനാണ് കണ്ടാൽ തിരിച്ചറിയാവുന്ന മൂന്നുപേരെ പോലീസ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിൽ, മർദനമാണ് മരണകാരണം എന്ന് വ്യക്തമായാൽ മാത്രമേ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ഇവർക്കെതിരെ ചുമത്തുകയുള്ളൂ.
ഛത്തീസ്ഗഢ് സ്വദേശിയാണ് എന്നതിലുപരി ഒരുവിവരവും രാംനാരായണനെ കുറിച്ച് പോലീസിന് ലഭിച്ചിട്ടില്ല. ഇന്നലെ നടന്ന സംഭവത്തെക്കുറിച്ച് ബന്ധുക്കളിലേക്ക് വിവരം എത്തിക്കാൻ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല. രാംനാരായണന് അടുപ്പക്കാരോ പരിചയക്കാരോ ആയിട്ടുള്ള ആരും കേരളത്തിൽ ഇല്ല എന്നാണ് പ്രാഥമിക വിവരം.
എന്നാൽ ഇയാളുടെ ഏതെങ്കിലും പരിചയക്കാരനെ കണ്ടെത്താനും അയാളിലൂടെ ബന്ധുക്കളിലേക്ക് വിവരമെത്തിക്കാനുമുള്ള പരിശ്രമത്തിലാണ് പോലീസ്. ഇയാൾ എപ്പോഴാണ് കേരളത്തിലെത്തിയത്, ഇയാളുടെ കൂടെ ഇവിടേക്ക് വന്ന ആരെങ്കിലുമുണ്ടോ എന്നുള്ള വിവരങ്ങളെല്ലാം പോലീസ് ശേഖരിച്ച് വരുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha



























