പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ. 'ഓർഡർ ഓഫ് ഒമാൻ' പുരസ്കാരമാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മോദിക്കു നൽകിയത്
. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ സംഭാവനകൾ മാനിച്ചാണ് ബഹുമതി. എലിസബത്ത് രാജ്ഞി, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുല്ല അടക്കമുള്ളവർക്ക് നേരത്തെ ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിലും മോദി ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം തുടങ്ങിയ തന്ത്ര പ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനായി കൂടിക്കാഴ്ചയിൽ ധാരണയാകുകയും ചെയ്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഒമാനിൽ എത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്ന സവിശേഷതയുമുണ്ട്.
ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വച്ചു മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. മദീനത്തുൽ ഇർഫാൻ തിയേറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മലയാളം പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. 'സുഖമാണോ' എന്നു അദ്ദേഹം മലയാളത്തിൽ ചോദിച്ച ശേഷമാണ് സംസാരിച്ചത്.
https://www.facebook.com/Malayalivartha


























