നടന്‍ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്ര നടയുടെ മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നുകൊടുത്ത മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി:- എന്തുകൊണ്ട് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചു? അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകി

നടന്‍ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്ര നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതിന് പിന്നാലെ മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി.
ഭരണ സമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗേറ്റ് തുറന്ന് കൊടുത്ത സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേയാണ് നടപടി. ഭരണ സമിതി അംഗങ്ങള്‍ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്ന് സുരക്ഷ ജീവനക്കാര്‍ അറിയിച്ചെങ്കിലും നടപടിയെടുക്കുകയായിരുന്നു.
എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണംമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നൽകുകയായിരുന്നു.
സാധാരണ പോലീസ് വാഹനങ്ങള്‍ എത്തുന്നിടത്താണ് താരം ക്ഷേത്ര ദര്‍ശനത്തിനായി വന്നപ്പോള്‍ വാഹനം നിര്‍ത്തിയത്. അതേസമയം സ്വാധീനമുളളവര്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേക പരിഗണന എന്തുകൊണ്ട് എന്ന് ചോദിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ് ഗുരുവായൂര്‍ അധികൃതരുടെ നടപടിയെന്നാണ് സൂചന.
പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് വ്യാഴാഴ്ച മോഹന്‍ലാല്‍ ഗുരുവായൂരില്‍ എത്തിയത്.
https://www.facebook.com/Malayalivartha


























