ക്ഷേത്രക്കുളത്തില്‍ മക്കൾ മുങ്ങി മരിക്കുന്നത് നിസഹായനായി നോക്കി നിന്നു... രാത്രി മുഴുവന്‍ മോർച്ചറിയിൽ കാവൽ; സങ്കടം താങ്ങാതെ അച്ഛന്റെ കടുംകൈ

ക്ഷേത്രക്കുളത്തിൽ മക്കൾ മുങ്ങി മരിക്കുന്നത് നേരിൽ കാണേണ്ടിവന്ന അച്ഛൻ കുട്ടികളുടെ മൃതദേഹം മോർച്ചറിലേയ്ക്ക് മാറ്റിയതിന് പിന്നാലെ ആത്മഹത്യ ചെയ്തു. വെല്ലൂര്‍ ആമ്ബൂരിലെ കുന്നിന്‍ മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിക്കെത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കള്‍ ജസ്വന്തും (8) ഹരിപ്രീതയും (6) ആണു മുങ്ങിമരിച്ചത്. കൈലാസഗിരി കുന്നിലെ മുരുകന്‍ കോവിലെ കുളത്തിലാണ് ദുരന്തം നടന്നത്. അമ്മ ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുക്കുന്നതിനിടെ അച്ഛനും മക്കളും കുളത്തിന്റെ കരയില്‍ വിശ്രമിക്കുകയായിരുന്നു. അതിനിടെ ഹരിപ്രീത കുളത്തിലേക്കു കാല്‍വഴുതി വീണു. അനിയത്തിയെ രക്ഷിക്കാനായി ജസ്വന്തും എടുത്തുചാടി. ഇരുവരെയും രക്ഷിക്കാന്‍ അച്ഛന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒരു മണിക്കൂറിനു ശേഷം അഗ്നിശമനസേന എത്തിയാണു കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുന്നിന്‍മുകളില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ മൃതശരീരം ചുമലിലേറ്റി 2 കിലോമീറ്റര്‍ നടന്നു. ഹൃദയം തകർന്ന് വാവിട്ട് നിലവിളിച്ച് ഇവർക്ക് പിന്നാലെ മാതാപിതാക്കളും നടന്നു. രാത്രി മുഴുവന്‍ ആമ്ബൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ ഇരുവരും കഴിഞ്ഞു കൂട്ടുകയായിരുന്നു. തുടർന്ന് രാവിലെ ആശുപത്രിയില്‍നിന്ന് ഇറങ്ങി നേരെ പോയത് റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നു.
പ്ലാറ്റ്ഫോമിലെ കടയില്‍ നിന്നു ജ്യൂസ് വാങ്ങിയ ലോകേശ്വരന്‍ അതില്‍ കീടനാശിനി കലര്‍ത്തി കഴിക്കുകയായിരുന്നു. ഇതു കണ്ട ഭാര്യ ബാക്കിയുണ്ടായിരുന്നത് കഴിക്കാന്‍ ശ്രമിച്ചപ്പോൾ അതിന് അനുവദിക്കാതെ തള്ളിത്താഴെയിട്ട് കുഴഞ്ഞുവീണു. ലോകേശ്വരനെ ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശികളായ ലോകേശ്വരനും ഭാര്യയും 10 വര്‍ഷമായി ആമ്ബൂരിലാണ് താമസം.
https://www.facebook.com/Malayalivartha


























