കോളേജുകൾക്ക് മുന്നേ ബാർ തുറക്കും: ബാറുകൾ തുറക്കണമെന്ന ആവശ്യവുമായി ബാറുടമകൾ സർക്കാരിന് മുന്നിലെത്തി, സംസ്ഥാനത്തെ ബാറുകള്‍ ഇനിയും അടച്ചിട്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു ബാറുടമകള്‍

കേരളത്തിൽ കോളേജുകൾക്കും സ്കൂളുകൾക്കും മുമ്പേ ബാറുകൾ തുറന്നേക്കും. ബാറുകൾ തുറക്കണമെന്ന ആവശ്യവുമായി ബാറുടമകൾ സർക്കാരിന് മുന്നിലെത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ ബാറുകള്‍ ഇനിയും അടച്ചിട്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു ബാറുടമകള്‍. ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് ബാറുടമകൾ. എന്നാല്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട്. സംസ്ഥാനത്ത് ഭൂരിപക്ഷം പേര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ ലഭ്യമായതിനാല്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 23 വയസാണ്. സര്‍ക്കാര്‍ കണക്ക് അനുസരിച്ച് 20 വയസ്സിനു മുകളിലുള്ള എണ്‍പതു ശതമാനത്തിലേറെ ആള്‍ക്കാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. ഇനിയും അടച്ചിട്ടു മുന്നോട്ടു പോയാല്‍ ഇപ്പോള്‍ത്തന്നെ കനത്ത നഷ്ടം നേരിടുന്ന വ്യവസായം തകരുമെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു. മദ്യത്തിന്റെ പാഴ്‌സല്‍ വില്‍പനകൊണ്ടു മാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.
സംസ്ഥാനത്തെ ഭൂരിഭാഗം മേഖലകളും തുറന്നിട്ടും ബാറുകളെ മാത്രം ഒഴിവാക്കിയത് ശരിയായില്ലെന്നും ഇവര്‍ നിവേദനത്തില്‍ പറയുന്നു. എന്നാല്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും, സര്‍ക്കാരിനെ ഇക്കാര്യം അറിയാക്കാമെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ ബാറുടമകളെ അറിയിച്ചു. ബാറുകളില്‍ നിയന്ത്രണങ്ങളോടെ ഇരുന്നു മദ്യപിക്കാന്‍ അവസരം നല്‍കണമെന്നു നേരത്തെ എക്‌സൈസ് കമ്മിഷണറും സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ കൂടി നിലപാട് കണക്കിലെടുത്താകും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
ആരോഗ്യ വകുപ്പ് പറയുന്നത് സർക്കാരും പാർട്ടിയും പറയുന്ന കാ ര്യങ്ങൾ മാത്രമാണ്. മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവായ എക്സൈസ് മന്ത്രിയും പറയുന്നത് ആരോഗ്യ മന്ത്രി അനുസരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതല്ല പ്രശ്നം.
ബാർ തുറക്കണമെന്ന് ഒരു കടലാസ് എഴുതി നൽകിയത് കൊണ്ട് ബാർ തുറക്കുമെന്ന് ബാർ ഉടമകൾ കരുതുന്നില്ല. അതിന് ചില ചിട്ടവട്ടങ്ങളുണ്ട്. അത് നൽകിയാൽ മാത്രമേ ബാറുകൾ തുറക്കുകയുള്ളു. നിവേദനം നൽകുന്നതിനൊപ്പം അതിനുള്ള ശ്രമങ്ങളും ബാറുടമകൾ നടത്തി തുടങ്ങിയിട്ടുണ്ട്. ബാറുകൾ തുറക്കുന്ന കാര്യത്തിൽ ഇടത് വലത് മുന്നണികൾക്ക് ഒരേ അഭിപ്രായമാണുള്ളത്. കോൺഗ്രസ് ഭരിക്കുമ്പോഴും കിട്ടേണ്ടത് കിട്ടിയാൽ മാത്രമേ ബാർ തുറക്കുകയുള്ളു.
ബാർ തുറക്കണമെന്ന ചിന്ത മുമ്പേ സർക്കാരിനുണ്ട്. ബാറുകൾ അടച്ചിട്ടത് കോ വിഡിൻ്റെ പ്രത്യേക സാഹചര്യത്തിലാണ്. ബാറുകൾ പൂട്ടി കിടന്നപ്പോൾ ഓൺ ലൈൻ വഴി മദ്യം നൽകാൻ നടപടിയുണ്ടാക്കി. ഇതിന് വേണ്ടി പ്രത്യേകം ആപ്പുണ്ടാക്കി. പ്രസ്തുത ആപ്പിൻ്റെ പ്രയോജനം ലഭിച്ചത് സ്വകാര്യ ബാർ ഉടമകൾക്കായിരുന്നു. സ്വകാര്യ ബാറുകാർ തടിച്ചുകൊഴുത്തപ്പോൾ ബിവറേജ് കോർപ്പറേഷൻ പൂട്ടലിൻ്റെ വക്കിലെത്തി.
ബാർ ഉടമകൾ എ.കെ.ജി സെൻ്ററിലെത്തിയാലുടൻ ബാറുകൾ തുറക്കും. അതിനുള്ള കാലതാമസമാണ് ഇനിയുള്ളത്. അത് ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതീക്ഷിക്കാം. ബാർ മുതലാളിമാർ അതിനുള്ള തയ്യാറെടുപ്പിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ബാർ ഉടമകളുമായി അടുത്ത ബന്ധം ഇടതു മുന്നണി സ്ഥാപിച്ചിട്ടുണ്ട്. അതിൻ്റെ സ്നേഹമാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha


























