കുഞ്ഞാലിക്കുട്ടി സ്പീക്കിംഗ്... ഹരിത നേതാക്കളുടെ ജനപിന്തുണയില്‍ മുസ്ലീം ലീഗിന് ആശങ്ക; സുധാകരന്റെ നിലപാട് കാരണം കോണ്‍ഗ്രസിലെ കൊഴിഞ്ഞ് പോക്ക് മുസ്ലീം ലീഗിനും ഉണ്ടാകാന്‍ സാധ്യത; സുരേഷ് ഗോപി വിളിച്ചതോടെ ഹരിത വിവാദത്തില്‍ മുസ്‌ലിം ലീഗ് വീണ്ടും ചര്‍ച്ചയ്ക്ക്

ഇപ്പോള്‍ സുരേഷ് ഗോപിയാണ് താരം. ഹരിത നേതാക്കള്‍ പലവട്ടം പറഞ്ഞിട്ടും ചര്‍ച്ച ചെയ്യാതിരുന്ന മുസ്ലീംലീഗ് നേതൃത്വം ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് സുരേഷ് ഗോപിയാണെന്നാണ് സൂചന. എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയക്ക് ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. സുരേഷ്‌ഗോപി എംപിയാണ് ഫാത്തിമയെ ഫോണില്‍ വിളിച്ച് താല്‍പര്യമറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നാണ് വാഗ്ദാനം. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന മറുപടിയാണ് ഫാത്തിമ തഹ്‌ലിയ നല്‍കിയത്. ആദര്‍ശം കണ്ടാണ് പാര്‍ട്ടിയില്‍ വന്നത് സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ല പാര്‍ട്ടിയില്‍ വന്നതെന്ന ഫാത്തിമ തഹ്‌ലിയ പറഞ്ഞു. പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞിരുന്നു.
തഹലിയ ഇതൊക്കെ പറഞ്ഞാലും സുരേഷ് ഗോപിയാണ് ആള്. മാത്രമല്ല ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയുമുണ്ട്. ഇവര്‍ ആഞ്ഞ് വിളിച്ചാല്‍ തഹലിയ പ്രധാനമന്ത്രിയെ കണ്ടാല്‍ തീര്‍ന്നു. ഉടനെ ഇടപെട്ടില്ലെങ്കില്‍ കോണ്‍ഗ്രസിലെ പോലെ പാര്‍ട്ടി മാറ്റം ഉണ്ടാകും. വലിയ സ്ഥാനം കിട്ടിയാല്‍ അബ്ദുള്ള കുട്ടിയെ പോലെ ആരും മാറാം. ഇതോടെയാണ് എല്ലാം മാറി മറിഞ്ഞത്.
പരാതി ഉന്നയിച്ച 'ഹരിത' നേതാക്കളെ പുറത്താക്കിയെങ്കിലും പരാതി വീണ്ടും ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചു. 26നു ചേരുന്ന ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഹരിത വിവാദം വീണ്ടും ചര്‍ച്ച ചെയ്യും. അതേസമയം, പറയാനുള്ളതെല്ലാം പാര്‍ട്ടിക്കു മുന്‍പില്‍ വച്ച സാഹചര്യത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്നും, തീരുമാനമെടുക്കേണ്ടതു പാര്‍ട്ടിയാണെന്നുമാണു പരാതിക്കാരുടെ നിലപാട്.
പുറത്താക്കപ്പെട്ട 'ഹരിത' പെണ്‍കുട്ടികളുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിനു പൊതുസമൂഹത്തില്‍ നിന്നും രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നും വലിയ പിന്തുണ ലഭിച്ചുവെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. കൂടാതെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ക്ഷണവും കാരണമാണ് പ്രശ്‌നത്തില്‍ ലീഗ് പുനരാലോചനയിലേക്കു നീങ്ങുന്നത്. നീതിക്കു വേണ്ടി പോരാടുമെന്നും എന്തു വന്നാലും പാര്‍ട്ടി വിട്ടു പോകില്ലെന്നും പാര്‍ട്ടി പാരമ്പര്യവും വിശ്വാസവും പ്രധാനമാണെന്നും പരാതിക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും ദേശീയ കമ്മിറ്റിയും അടക്കമുള്ളവര്‍ എടുത്ത തീരുമാനങ്ങള്‍ മുതിര്‍ന്ന നേതാക്കളുമായി വീണ്ടും കൂടിയാലോചിക്കുമെന്നു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ അറിയിച്ചു. ഹരിതയിലെ പെണ്‍കുട്ടികളെല്ലാം പ്രഗത്ഭരാണെന്നും, മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വിഷയങ്ങള്‍ വല്ലാതെ വക്രീകരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രണ്ടു പക്ഷവും കേട്ട ശേഷമേ തീരുമാനമെടുക്കൂ എന്ന് എം.കെ.മുനീര്‍ എംഎല്‍എയും വ്യക്തമാക്കിയിട്ടുണ്ട്.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥിവിഭാഗമായ എംഎസ്എഫിലെ വനിതാകൂട്ടായ്മയായ ഹരിതയിലെ ചില അംഗങ്ങളെ എംഎസ്എഫ് നേതാക്കള്‍ ലൈംഗികമായി അവഹേളിച്ചുവെന്ന പരാതിയെ തുടര്‍ന്നാണു വിവാദമുണ്ടായത്. പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നു വനിതാ കമ്മിഷനു പരാതി നല്‍കിയതോടെയാണു വിഷയം പുറത്തെത്തിയത്. പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്. കൂടാതെ ഫാത്തിമ തഹലിയയെ പുറത്താക്കിയതോടെ ആകെ പ്രശ്‌നമായി.
"
https://www.facebook.com/Malayalivartha

























