സല്യൂട്ടടിച്ച് ബിജെപി നേതാക്കള്‍... ബിജെപി സംഘടിപ്പിച്ച പരിപാടി പൂര്‍ത്തിയാക്കാതെ സുരേഷ് ഗോപി എംപി ക്ഷുഭിതനായി മടങ്ങി; തെങ്ങിന്‍ തൈ വിതരണം പൂര്‍ത്തിയാക്കാതെയും നേതാക്കളോടുപോലും മിണ്ടാതെയുമായിരുന്നു സുരേഷ് ഗോപിയുടെ മടക്കം

സല്യൂട്ട് വിവാദത്തിന് പിന്നാലെ സുരേഷ് ഗോപി ബിജെപി അധ്യക്ഷനാകുമോ എന്ന ചര്‍ച്ച കനക്കുകയാണ്. അതിനിടെ ബിജെപി അണികളേയും നേതാക്കന്‍മാരേയും അന്ധാളിപ്പിച്ച് സുരേഷ് ഗോപി ഇറങ്ങിപോപോയി. ഞായറാഴ്ച കൊട്ടാരക്കരയിലായിരുന്നു സംഭവം.
താരത്തെ കാണാനെത്തിയവരും പാര്‍ട്ടി പ്രവര്‍ത്തകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തിക്കിതിരക്കിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി സംഘടിപ്പിച്ച പരിപാടി പൂര്‍ത്തിയാക്കാതെ സുരേഷ് ഗോപി എംപി ക്ഷുഭിതനായി മടങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച സേവാസമര്‍പ്പണ്‍ അഭിയാന്‍ സ്മൃതി കേരം പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് സുരേഷ് ഗോപി കൊട്ടാരക്കരയിലെത്തിയത്. ബിജെപി കൊട്ടാരക്കര, പത്തനാപുരം, ആയൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കൊട്ടാരക്കര മാര്‍ത്തോമ്മ ജൂബിലി മന്ദിരത്തില്‍ ആയിരുന്നു പരിപാടി.
സുരേഷ് ഗോപി കാറില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അദ്ദേഹവും സഹായിയും ആളുകളോട് അകന്നു നില്‍ക്കാന്‍ പറയുന്നുണ്ടായിരുന്നു. ആദ്യം ഇതാരും മുഖവിലക്കെടുത്തില്ല. പിന്നീടദ്ദേഹം ജൂബിലി മന്ദിരം വളപ്പില്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണക്കായി തെങ്ങിന്‍ തൈ നട്ടപ്പോഴും ആളുകള്‍ തിക്കിതിരക്കി. ക്യാമറയില്‍ മുഖം കാണിക്കാനും ഒപ്പം നിന്ന് പടമെടുക്കാനുംവേണ്ടിയായിരുന്നു ആളുകള്‍ ഇടിച്ചു കയറിയത്. അകന്നു നില്‍ക്കാന്‍ സുരേഷ് ഗോപി പല തവണ പറഞ്ഞെങ്കിലും ജനം ചെവിക്കൊണ്ടതേയില്ല. തെങ്ങ് വിതരണത്തിനായി അദ്ദേഹം പന്തലിലെത്തിയപ്പോഴും ജനം തിങ്ങിക്കൂടുകയായിരുന്നു.
കസേരകളിലിരിക്കാന്‍ സുരേഷ് ഗോപി അഭ്യര്‍ഥിച്ചെങ്കിലും അനുസരിക്കാന്‍ ആളുകള്‍ തയാറായില്ല. തുടര്‍ന്ന് വേദിയില്‍ കയറാതെ അദ്ദേഹം വേദിക്കു താഴെ നിന്ന് രണ്ടു ഭിന്നശേഷിക്കാര്‍ക്ക് തെങ്ങിന്‍ തൈ നല്‍കി. ആമിനക്കും കണ്ണനുമാണ് തെങ്ങിന്‍ തൈ നല്‍കിയത്. തൈകള്‍ക്ക് താരം പേരുമിട്ടു. ശിഹാബ് തങ്ങളെന്നും മൊയ്തു മൗലവിയെന്നുമാണ് പേരിട്ടത്.
ഈ സമയത്തും ആളുകള്‍ തിക്കിതിരക്കുകയായിരുന്നു. സുരേഷ്‌ഗോപിയും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറും മണ്ഡലം പ്രസിഡന്റ് വയക്കല്‍ സോമനും ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും ഒഴിഞ്ഞു നില്‍ക്കാന്‍ ജനം തയാറായിയില്ല.
ഇതോടെ സുരേഷ് ഗോപി വേദിയില്‍ കയറാതെയും ഉദ്ഘാടന പ്രസംഗം നടത്താതെയും ക്ഷുഭിതനായി മടങ്ങുകയായിരുന്നു. തെങ്ങിന്‍ തൈ വിതരണം പൂര്‍ത്തിയാക്കാതെയും നേതാക്കളോടുപോലും മിണ്ടാതെയുമായിരുന്നു സുരേഷ് ഗോപിയുടെ മടക്കം. നാളീകേര വികസന ബോര്‍ഡ് ചെയര്‍മാനടക്കമുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് വേദിയില്‍ പോലും കയറാതെ താരം മടങ്ങിയത്. എംപിക്ക് തിരക്കുള്ളതിനാലാണ് പെട്ടെന്ന് മടങ്ങിയതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി രംഗത്തെത്തി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കള്‍ വരണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രവര്‍ത്തകനായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി അധ്യക്ഷനാകണമെന്ന ഉദ്ദേശം ഒരുകാലത്തുമുണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലേക്ക് എത്തണമെങ്കില്‍ ഇനിയും ഒരുപാട് രാഷ്ട്രീയപാടവം നേടിയെടുക്കേണ്ടതുണ്ട്. അതിനുള്ള ഒരു തയാറെടുപ്പും താന്‍ നടത്തിയിട്ടില്ല. നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അവരുടെ ഒപ്പം മുന്നില്‍ ഓടാന്‍ തയാറായി നില്‍ക്കുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























