സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി

കുഞ്ഞിനു പിന്നാലെ അമ്മയും... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മയും ജീവിതം അവസാനിപ്പിച്ചു. ബെംഗളൂരുവിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥയായ പ്രതിഭ (29) ആണ് 11 മാസം പ്രായമുള്ള മകൻ അഗസ്ത്യയുടെ മരണത്തിന് പിന്നാലെ ജീവനൊടുക്കിയത്.
ടെറസ്സിൽ ഉണങ്ങാനിട്ട വസ്ത്രങ്ങൾ എടുക്കാൻ പ്രതിഭ പോയ സമയത്ത് കുഞ്ഞ് ഇഴഞ്ഞു നീങ്ങി ബാത്ത്റൂമിലെ വെള്ളം നിറഞ്ഞ ബക്കറ്റിൽ വീഴുകയുമായിരുന്നു. തിരിച്ചെത്തിയ പ്രതിഭ കണ്ടത് വെള്ളത്തിൽ ചലനമറ്റ മകനെയാണ്. മകന്റെ മരണത്തിൽ തകർന്നുപോയ പ്രതിഭ തന്റെ അശ്രദ്ധ മൂലമാണ് മകൻ മരിച്ചതെന്ന കുറ്റബോധത്താൽ സ്വന്തം ജീവിതവും അവസാനിപ്പിക്കാനായി തീരുമാനിക്കുകയായിരുന്നു.
“എന്റെ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രമാണ്” എന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. വൈകുന്നേരം 6:30-ഓടെ ജോലി കഴിഞ്ഞ് ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് വീട് അകത്തു നിന്നും പൂട്ടിയ നിലയിൽ കാണുന്നത്. കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്തു കയറിയ അദ്ദേഹം കണ്ടത് ചേതനയറ്റ ഭാര്യയെയും മകനെയുമാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























