മുപ്പിനി മലങ്കര കത്തോലിക്ക ചര്‍ച്ചില്‍ മോഷണം നടത്തിയ കേസിലെ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍... സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയിച്ചുവിവാഹം കഴിച്ച യുവതിയുമൊന്നിച്ച് ആലുവയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി
ദേവാലയത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍. വഴിക്കടവ് താഴെ മാമാങ്കര സാളിഗ്രാമത്തില് ജിതിന് എന്ന കുട്ടാപ്പിയാണ് പിടിയിലായത്. 2009 നവംബറിലാണ് സംഭവം.
മുപ്പിനി മലങ്കര കത്തോലിക്ക പള്ളിയോട് ചേര്‍ന്ന് അച്ചന് താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന്റെ വാതിലുകള്‍ കുത്തിത്തുറന്ന പ്രതി ഓഫിസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച അരലക്ഷം രൂപയാണ് മോഷ്ടിച്ചത്.
അച്ചന് സമീപത്തെ പള്ളിയില്‍ ശുശ്രൂഷക്ക് പോയ സമയത്തായിരുന്നു മോഷണം. പുതിയ പള്ളിയുടെ നിര്‍മാണത്തിനായി പഴയത് പൊളിച്ചുമാറ്റിയപ്പോള്‍ അവശേഷിച്ച ഉരുപ്പടികള്‍ വിറ്റ വകയില്‍ കിട്ടിയതായിരുന്നു പണം.
ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം ശേഖരിച്ച തെളിവുകള്‍ പിന്തുടര്ന്നാണ് പ്രതിയെ ആലുവ എടത്തല നൊച്ചിമായില്നിന്ന് പ്രത്യേക സംഘം പിടികൂടിയത്. എറണാകുളം, ഷൊര്‍ണൂര്‍, പോത്തുകല്‍, വഴിക്കടവ്, എടക്കര, നിലമ്പൂര്‍, മഞ്ചേരി പൊലീസ് സ്റ്റേഷന് പരിധികളിലെ സ്കൂളുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തിയതിന് ശിക്ഷിക്കപ്പെട്ട പ്രതി അപ്പീല്‍ ജാമ്യത്തിലായിരുന്നു.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗുഡല്ലൂര്‍, നടുവട്ടം, ദേവര്‍ഷോല, ദേവാല പൊലീസ് സ്റ്റേഷന് പരിധികളിലെ വീടുകളില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയതിനും പ്രതിക്കെതിരെ കേസുകളുണ്ട്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയിച്ചുവിവാഹം കഴിച്ച യുവതിയുമൊന്നിച്ച് ആലുവയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. നിലമ്പൂര്‍ ഡിവൈ.എസ്.പി സജു കെ. എബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിയെ വലയിലാക്കിയത്.
"
https://www.facebook.com/Malayalivartha