ആഴ്ചകള്‍ നീണ്ട കാലി സമരം അവസാനിക്കുന്നു: അതിര്‍ത്തി കടക്കാന്‍ കന്നുകാലി ലോറികളുടെ നീണ്ടനിര

സര്‍ക്കാര്‍ സുരക്ഷ നല്‍കുമെന്ന ഉറപ്പിന്‍മേല്‍ കാലിസമരം അവസാനിക്കുന്നു ഇന്നു മുതല്‍ മാടുകള്‍ അതിര്‍ത്തി കടക്കും. സംസ്ഥാനത്തേക്ക് കന്നുകാലികളെ കൊണ്ടുവരാന്‍ സുരക്ഷയൊരുക്കാമെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഉറപ്പിനെത്തുടര്‍ന്ന് മാട്ടിറച്ചി വ്യാപാരികള്‍ ഇന്ന് വൈകിട്ടോടെ സമരം അവസാനിപ്പിച്ചേക്കും. ഇന്ന് വൈകിട്ട് പുറപ്പെടാന്‍ തയ്യാറായി ക്‌ളിയറന്‍സിനായി വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കന്നുകാലി ലോറികളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. കന്നുകാലി ലോറികള്‍ ഗുണ്ടകള്‍ അതിര്‍ത്തികളില്‍ റാഞ്ചുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 19 മുതലാണ് തമിഴ്‌നാട്ടിലെ കന്നുകാലി മൊത്ത വ്യാപാരികള്‍ കേരളത്തിലേക്ക് അറവുമാടുകളെ അയക്കുന്നത് നിര്‍ത്തിവച്ചത്. ഇതോടെ സംസ്ഥാനത്ത് ബീഫ് വില കിലോയ്ക്ക് 300 രൂപ കടന്നിരുന്നു.
കര്‍ശന വ്യവസ്ഥകളോടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കന്നുകാലി ലോറികള്‍ക്ക് സുരക്ഷയൊരുക്കാമെന്ന് സമ്മതിച്ചത്. കന്നുകാലികളെ കൊണ്ടുപോകുന്ന ലോറികളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിഷ്‌കര്‍ഷിച്ച സ്ഥലസൗകര്യം ഉണ്ടായിരിക്കണം. ഇതിനായി പ്രത്യേക വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യണം. കേരളത്തിലെ ആര്‍.ടി.ഒമാര്‍ പരിശോധിച്ച് ലൈസന്‍സ് തരുന്ന വാഹനങ്ങളില്‍ മാത്രമേ കാലികളെ കൊണ്ടുവരാനാകൂ. കന്നുകാലികള്‍ക്ക് വാഹനത്തില്‍ രണ്ട് ചതുരശ്രമീറ്റര്‍ വീതം സ്ഥലമുണ്ടായിരിക്കണം. തീറ്റയും വെള്ളവും സൂക്ഷിക്കാനുള്ള സജ്ജീകരണങ്ങളുണ്ടാകണം. അതിര്‍ത്തിയിലും മാടുകളെ എത്തിക്കുന്ന സ്ഥലത്തും ഇത് പരിശോധിക്കും. ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങളില്‍ കാലികളെ കൊണ്ടുവന്നാല്‍ പിടിച്ചെടുക്കും തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മന്ത്രിമാര്‍ കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്.
അതിനിടെ ആഭ്യന്തര വിപണിയില്‍ കന്നുകാലികള്‍ക്ക് വില വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് ഇറച്ചിക്കടകള്‍ അടച്ചിടാന്‍ പാലക്കാട് ചേര്‍ന്ന കേരള സ്‌റ്റേറ്റ് മീറ്റ് ആന്‍ഡ് കാറ്റില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് കാലികള്‍ വരാതായതോടെ നാട്ടിന്‍പുറങ്ങളില്‍ നിന്നും ഉരുക്കളെ വാങ്ങിയാണ് ഇതുവരെ അറുത്തത്. ഇതോടെ സംസ്ഥാനത്തെ കാലികള്‍ക്ക് 30 ശതമാനം വരെ അന്യായമായി ഉടമകള്‍ വില വര്‍ധിപ്പിച്ചതായി ഭാരവാഹികള്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























