കേരളത്തിലെ കായിക താരങ്ങള്‍ക്ക് 10,000 രൂപയുടെ പ്രതിമാസ സ്‌കോളര്‍ഷിപ്പ്

ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്ന കേരളത്തിലെ കായിക താരങ്ങള്‍ക്ക് കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിമാസം 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സ്‌കോളര്‍ഷിപ്പിന് കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് എന്ന് നാമകരണം ചെയ്യുന്നതായി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. അന്തരിച്ച മുന്‍ പ്രസിഡന്റ് ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥമാണ് ഇപ്രകാരം നാമകരണം ചെയ്തത്.
കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗത്തിലാണ് പ്രഖ്യാപനം. രാജ്യത്ത് ആദ്യമായാണ് കായിക വിഭാഗത്തില്‍ ഇത്രയും തുക സ്‌കോളര്‍ഷിപ്പ് ആയി നല്‍കുന്ന പദ്ധതി ആരംഭിക്കുന്നത്.
14 മുതല്‍ 18 വയസുവരെ പ്രായപരിധിയിലുള്ള പത്ത് കായിക താരങ്ങള്‍ക്കാണ് ഒരു വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപയും സ്‌പോര്‍ട്‌സ് കിറ്റും സ്‌കോളര്‍ഷിപ്പായി ലഭിക്കും. സംസ്ഥാന ദേശീയ തലത്തിലെ മികച്ച പ്രകടനമാണ് യോഗ്യതയായി പരിഗണിക്കുന്നത്.
കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. ഏപ്രില്‍ മാസം മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കായിക താരങ്ങളുടെ പ്രകടനമായിരിക്കും വിലയിരുത്തപ്പെടുക. തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ക്ക് ഏത് സ്ഥാപനത്തിന്റെ കീഴിലോ ഏത് കോച്ചിന്റെ കീഴിലോ പരിശീലനം തേടാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























