കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി

രാജ്യത്തെ ഇരുപതര കോടി കുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന യുണിസെഫ് റിപ്പോർട്ട് ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം, ഈ വെല്ലുവിളി നിറഞ്ഞ ദേശീയ സാഹചര്യത്തിൽ നിന്നും കേരളം തികച്ചും വ്യത്യസ്തമായ ഒരു മാതൃകയാണ് രാജ്യത്തിന് മുന്നിൽ കാഴ്ചവയ്ക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
യുണിസെഫ് റിപ്പോർട്ട് ഉയർത്തിക്കാട്ടുന്ന ദേശീയ പ്രതിസന്ധിക്ക് വിപരീതമായി, കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നതാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കേരളത്തിലാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ഏറ്റവും കുറവ് എന്ന അഭിമാനകരമായ നേട്ടം സംസ്ഥാനത്തിനുണ്ട്. വിദ്യാഭ്യാസ അവകാശം ഇവിടെ പ്രാവർത്തികമാക്കുന്നു എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണിത്.
കുട്ടികൾക്ക് പഠനം തുടരുന്നതിൽ വരുന്ന തടസ്സങ്ങൾ ദേശീയ തലത്തിൽ വലിയ ആശങ്കയുണ്ടാക്കുമ്പോൾ, കേരളത്തിൽ ഒന്നാം ക്ലാസിൽ സ്കൂളിൽ ചേരുന്ന ഏതാണ്ട് എല്ലാ കുട്ടികളും യാതൊരു തടസ്സവും കൂടാതെ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുന്നു എന്ന റെക്കോർഡ് നേട്ടം സംസ്ഥാനത്തിനുണ്ട്. ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ് കേരളത്തിന്റെ ഈ സ്ഥിതി.
കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിലെ ഈ ഉന്നതമായ നേട്ടം യാദൃശ്ചികമല്ല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള ദീർഘവീക്ഷണത്തോടെയുള്ള സർക്കാർ ഇടപെടലുകളും, കുട്ടികളുടെ ആരോഗ്യത്തിനും പോഷകാഹാര ലഭ്യതയ്ക്കും വേണ്ടി നടപ്പിലാക്കിയ സമഗ്രമായ പദ്ധതികളുമാണ് ഈ മികച്ച പ്രകടനത്തിന് അടിസ്ഥാനം. അക്കാദമിക് നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങി എല്ലാ വിദ്യാഭ്യാസ സൂചികകളിലും കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.
യുണിസെഫ് റിപ്പോർട്ട് രാജ്യമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ കൂടുതൽ ശ്രദ്ധ നൽകേണ്ടതിൻ്റെ അനിവാര്യത എടുത്തു കാണിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് സുസ്ഥിരമായ പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂ. കേരളം കൈവരിച്ച ഈ നേട്ടങ്ങൾ ദേശീയ നയരൂപീകരണത്തിന് പ്രചോദനമാകുമെന്നും, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























