നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. രോഗിയെ പരമാവധി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ സഹായിക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ലഭ്യമാക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിലാണ് ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കിയത്. ദീര്‍ഘകാലം വിദഗ്ധ ചികിത്സ ഉറപ്പാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ജൂലൈ മാസം നാലാം തീയതിയാണ് നിപ ബാധിതയെ ഇഎംഎസ് ആശുപത്രിയില്‍ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് വന്നത്. ആ സമയത്ത് രോഗി പൂര്‍ണമായും അബോധാവസ്ഥയിലായിരുന്നു. ഇടക്കിടക്ക് അപസ്മാരവും രക്തസമ്മര്‍ദം കുറയുകയും ചെയ്തിരുന്നു. രോഗിക്ക് ആവശ്യമായ ഐസൊലേഷന്‍ റൂമും ഒരു ലക്ഷത്തോളം വിലവരുന്ന ആല്‍ഫാ ബെഡ് ഉള്‍പ്പടെയുള്ള മറ്റെല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിരുന്നു.
മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി രോഗിയെ നേരിട്ട് കാണുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ രാജ്, സൂപ്രണ്ട് ഡോ. പ്രഭുദാസ് എന്നിവരുടെ ഏകോപനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഉറപ്പാക്കിയത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിന്റെ കീഴിലായി ഡോ. പ്രവീണ്‍ എം, ഡോ. സൂരജ് ആര്‍കെ, ഡോ. ഷിജി പിവി, ഡോ. നിഖില്‍ വിനോദ്, ഡോ. കാജ ഹുസൈന്‍, ഡോ. ഹര്‍ഷ വെള്ളൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ടീം രൂപീകരിച്ചത്. സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ജോണ്‍സി തോമസിന്റെ നേതൃത്വത്തിലുള്ള നഴ്‌സിംഗ് ടീമും ഡോ. സാദിക്കലി എംടിയുടെ നേതൃത്വത്തിലുള്ള ഫിസിയോതെറാപ്പി ടീമും രോഗിക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കി.
ഡോക്ടര്‍മാരുടെയും സ്റ്റാഫ് നേഴ്‌സുമാരുടെയും മറ്റു അനുബന്ധ ജീവനക്കാരുടെയും നിരന്തരമായ പരിചരണത്തിന്റെ ഫലമായി ഏകദേശം 2 മാസത്തിന് ശേഷം രോഗി ബോധം വീണ്ടെടുത്തു. പിന്നീടുള്ള ആഴ്ചകളില്‍ രോഗിയുടെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയും രോഗി ആളുകളെ തിരിച്ചറിയാന്‍ തുടങ്ങുകയും കൈ കാലുകള്‍ ചലിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























