കണ്‍സ്യൂമര്‍ഫെഡ് സാമ്പത്തിക തിരിമറി; ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത് 28 കോടി

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി പെരുവഴിയിലാക്കിയ കണ്‍സ്യൂമര്‍ഫെഡിന് പുതിയ അഴിമതി വാര്‍ത്ത. കണ്‍സ്യൂമര്‍ഫെഡിന് മദ്യ വിതരണ കമ്പനികളില്‍ നിന്നും ലഭിച്ച 28 കോടിയോളം രൂപയുടെ ഇന്‍സെന്റീവ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക തിരിമറിയെ സംബന്ധിച്ച് നടത്തിയ അഭ്യന്തര അന്വേഷണത്തിലാണ് ഈ തട്ടിപ്പ് പുറത്തായത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യ വിഭാഗത്തിന്റെ 2010മുതല്‍ 2015 ആദ്യംവരെയുളള കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക തിരിമറിയും തട്ടിപ്പും പുറത്തായത്. കണ്‍സ്യൂമര്‍ഫെഡ് ട്രയിനിങ്ങ് ഡിവിഷന്‍ ചീഫായ ജി ദിനേശ് ലാലിന്റെ നേതൃത്വത്തിലുളള അഭ്യന്തര അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
മദ്യം വിതരണം ചെയ്യുന്ന കമ്പനികളില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡിന് കിട്ടേണ്ടിയിരുന്ന ഇന്‍സെന്റീവ് സ്ഥാപനത്തിന്റെ കണക്കില്‍ വരവ് വെയ്ക്കാതെ ഉദ്യോഗസ്ഥര്‍ അപഹരിക്കുകയായിരുന്നു. 5 വര്‍ഷത്തിനിടെ 28 കോടി 81 ലക്ഷം രൂപാ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മുന്‍ ചീഫ് മാനേജര്‍ ആര്‍ ജയകുമാര്‍,എംഡി റിജി ജി നായര്‍ എന്നിവര്‍ക്ക് സാമ്പത്തിക തിരിമറിയില്‍ പങ്കുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സാമ്പത്തിക തിരിമറിയെപ്പറ്റി പോലീസ് വിജിലന്‍സിന് അന്വേഷണം കൈമാറി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കണ്‍സ്യൂമര്‍ഫെഡ് എംഡി ടോമിന്‍ തച്ചങ്കരിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശമദ്യവിഭാഗത്തില്‍ ജോലിചെയ്തിരുന്ന ജയകുമാറും അക്കൗണ്ട്‌സ് മാനേജറായ സുജിതാകുമാരിയും അഴിമതിയും ധൂര്‍ത്തും നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു വര്‍ഷത്തിനുളളില്‍ മൊബൈല്‍ ഹാന്‍ഡ് സെറ്റ് വാങ്ങാന്‍ 18,650 രൂപ ജയകുമാര്‍ ചെലവിട്ടു. കോയമ്പത്തൂരിലെ ചന്ദ്രന്‍ സ്റ്റീല്‍ എന്ന സ്ഥാപനത്തിന് രണ്ടു ലക്ഷം രൂപാ നല്‍കി. സുജിതാകുമാരി ചോറ്റാനിക്കരയിലുളള വീട്ടില്‍ പോയതിന് ടാക്‌സി ചാര്‍ജ് ഇനത്തില്‍ ഒന്നരലക്ഷത്തോളം രൂപാ എഴുതിയെടുത്തു.
രണ്ടുപേരില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡിന് നഷ്ടമായ തുക തിരിച്ച് പിടിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അഭ്യന്തര അന്വേഷണസംഘം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എം ഡി ടോമിന്‍ തച്ചങ്കരിയുടെ പരിഗണനയിലാണ്.അതേസമയം കേസില്‍ ജയകുമാറിനെ കഴിഞ്ഞിടെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























