പോലീസുകാര്‍ നന്നായി പെരുമാറുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് ഡിജിപി

എടാ പോടാ വിളിയും അസഭ്യവും ദ്വയാര്‍ഥപ്രയോഗങ്ങളും പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയുടെ പുതിയ സര്‍ക്കുലര്‍. വാഹനങ്ങള്‍ അധികനേരം പിടിച്ചിടരുതെന്നും പൊലീസുകാര്‍ നന്നായി പെരുമാറുന്നു എന്ന് ഉറപ്പാക്കേണ്ടത് ഉന്നതോദ്യോഗസ്ഥര്‍ ആണെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലറിന്റെ പൂര്‍ണ രൂപം താഴെ വായിക്കുക.
പോലീസിനെപ്പറ്റി വലിയ പരാതികള്‍ ഉണ്ടാകുന്നത് അവരുടെ പെരുമാറ്റം കാരണമാണ്. അസഭ്യം പറച്ചിലും, പ്രായം മറന്നും മറ്റും എടാ പോടാ വിളികള്‍ നടത്തുക, ദ്വയാര്‍ത്ഥ പ്രയോഗമുള്ള പരിഹാസചുവയുള്ള കമന്റുകള്‍ നടത്തുക, തനിക്ക് യാതൊരു വിധത്തിലുള്ള ഉത്തരവാദിത്വവുമില്ലാത്ത പരാതിക്കാരോടും കേസില്‍ ഉള്‍പ്പെടുന്നവരോടും അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളാണ് പോലീസിനെ പൊതുജനങ്ങളുടെ ശത്രുവാക്കുന്നത്. ആരുടെയെങ്കിലും സ്വാധീനമില്ലാത്തവരും പാവപ്പെട്ടവരുമായ വ്യക്തികളോട് സഹാനുഭൂതി കാണിക്കാതിരിക്കുക, അവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുക, പോലീസുമായി ബന്ധപ്പെടുന്നവരുടെ സമയം അനാവശ്യമായി നഷ്ടപ്പെടുത്തുക, തീരുമാനം എടുക്കേണ്ട ഉദ്യോഗസ്ഥനെ കാണാന്‍ അനുവദിക്കാതിരിക്കുക, നിസാര കാരണങ്ങള്‍ കൊണ്ടു പോലും തീരുമാനം എടുക്കാതിരിക്കുക, നിയമവിരുദ്ധമായിപോലും സ്ത്രീകളെയും മുതിര്‍ന്ന പൗരന്മാരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുക,. തങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും കാണേണ്ട വിധത്തില്‍ കാണാത്തതുകൊണ്ടാണ് കാര്യം നടക്കാത്തത് എന്ന ധ്വനി ഉണ്ടാക്കുക, നിയമപരമായി തീരുമാനങ്ങള്‍ എടുക്കാവുന്ന കാര്യങ്ങളില്‍ പോലും നിസഹായത പ്രകടിപ്പിക്കുക എന്നീ കാര്യങ്ങളാണ് സാധാരണയായി സ്റ്റേഷനുകളില്‍ വരുന്ന പൊതു ജനങ്ങളെ പോലീസിനെതിരാക്കുന്നത്.
ഗതാഗത നിയന്ത്രണം, പരിശോധനാവേളകളില്‍ അതിരൂക്ഷമായ വാക്കുകള്‍ ഉപയോഗിക്കുക, വളരെ സമയം വാഹനങ്ങള്‍ പിടിച്ചിടുക, വാഹനങ്ങളുടെ രേഖകള്‍ സംബന്ധമായ കാര്യങ്ങളില്‍ നിയമവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയും, പലപ്പോഴും മറ്റ് വിധത്തില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പോലീസിനെ പൊതുജനങ്ങളുടെ പരിഹാസപാത്രവും ശത്രുക്കളുമാക്കുന്നുണ്ട്. മൃദൂഭാവേ ദൃഢകൃത്യേ എന്ന കേരള പോലീസിന്റെ ആപ്തവാക്യത്തിന് വിരുദ്ധമായാണ് പലപ്പോഴും പോലീസിന്റെ പ്രായോഗിക തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഗതാഗത നിയന്ത്രണ, പരിശോധന, വേളകളില്‍ എങ്ങനെയാണ് പോലീസ് പെരുമാറേണ്ടതെന്നതിനെ കുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. അവ കൂടാതെ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പ്രായോഗിക തലത്തില്‍ വരുത്തുവാന്‍ ശ്രമിക്കേണ്ടതാണ്.
പോലീസില്‍ നിന്നു തന്നെയും മറ്റ് പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച ഉപദേശങ്ങളില്‍ ഒരു കാര്യം താഴെ നിര്‍ദ്ദേശിക്കുന്നു. പോലീസിന് ഏതെങ്കിലും വിധത്തിലുള്ള സഹായങ്ങള്‍ നല്‍കുന്ന വ്യക്തികളോട് നന്ദീ എന്നോ താങ്ക്യൂ എന്നോ പറയുവാനും ചില സന്ദര്‍ഭങ്ങളില്‍ ഒരു കത്ത് മുഖേന എഴുതി നല്‍കുവാനോ ശ്രദ്ധിക്കുക. അതു പോലെ നമ്മുടെ ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കെങ്കിലും ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെങ്കില്‍ അതല്ല നമ്മുടെ ഭാഗത്ത് ചെറിയ അബദ്ധങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അവരോട് സോറി അല്ലെങ്കില്‍ ക്ഷമിക്കുക എന്ന് പറയുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ പോലീസിനോടുള്ള ഭയവും, വിരോധവും നല്ലൊരളവില്‍ ഇല്ലാതാകുന്നതാണ്. ഡിവൈഎസ്പിമാര്‍, എസ്പിമാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിരന്തരമായി ശ്രദ്ധിക്കണ്ടതും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പല സ്വഭാവവിശേഷങ്ങളും ഒന്നോ രണ്ടോ ദിവസത്തിനകം മാറ്റാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ വളരെ ശ്രദ്ധയോടുകൂടി, ചിട്ടയായി നമ്മുടെ പെരുമാറ്റരീതിയില്‍ ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും ഏതാനും മാസങ്ങള്‍ക്കകം വളരെ വലിയ പരിവര്‍ത്തനം ഇക്കാര്യത്തില്‍ സാധ്യമാകുന്നതാണ്. ഏതെങ്കിലും സ്റ്റേഷനുകളിലോ വാഹനപരിശോധനയിലോ പോലീസ് മോശമായി പെരുമാറുന്നതായി ശ്രദ്ധിക്കപ്പെട്ടാല്‍ അത് അവരുടെ തൊട്ടടുത്ത ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ അശ്രദ്ധയായും കഴിവുകേടായും കണക്കാക്കേണ്ടി വരും. അതുപോലെ ഒരു ജില്ലയിലെ വിവിധ സ്റ്റേഷനുകളിലോ ,സ്ഥലങ്ങളിലോ ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നു വന്നാല്‍ അത് ജില്ലാ പോലീസ് മേധാവിയുടെ അശ്രദ്ധയായും കഴിവുകേടുമായി കണക്കാക്കേണ്ടി വരും. ആയതിനാല്‍ താഴെ തലത്തിലുള്ള പരാതികള്‍ ഉദ്യോഗസ്ഥര്‍ക്ക് സഭകള്‍ വഴിയും കാറ്റഗിസം ക്ലാസുകള്‍ വഴിയും ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുകയും അവരുടെ പെരുമാറ്റത്തില്‍ കാര്യമായ നല്ല പുരോഗതി ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. പെരുമാറ്റം കൊണ്ട് ജനങ്ങളുടെ നല്ല പ്രീതി നേടുന്നവര്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കേണ്ടതാണ്. (സംസ്ഥാന പോലീസ് മേധാവി)
https://www.facebook.com/Malayalivartha