ദേശീയപതാകയുടെ അടിയില്‍ ബിജെപിയുടെ കൊടി; രണ്ടു പേര്‍ അറസ്റ്റില്‍

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയോട് അനാദരവു കാട്ടിയതിനെത്തുടര്‍ന്ന് രണ്ടുപേര്‍ അറസ്റ്റില്‍. ആനമങ്ങാട് വളാംകുളം സ്വദേശികളായ ബംഗ്ലാവില്‍ അരവിന്ദന്‍ (40), കണക്കുപള്ളിയാലില്‍ രതീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തില്‍ രാവിലെ വളാംകുളത്ത്് ദേശീയപതാകയുടെ അടിയില്‍ ബിജെപിയുടെ കൊടി കെട്ടി അനാദരവ് കാണിച്ചെന്നാണു കേസ്.
ബിജെപിയുടെ ചിഹ്നമുള്ള കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തുകയും അതിനു താഴെയായി ബിജെപിയുടെ കൊടി കെട്ടുകയുമായിരുന്നു ചെയ്തത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പെരിന്തല്‍മണ്ണ പൊലീസ് ഇരുകൊടികളും അഴിച്ചെടുത്ത് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
കോട്ടയം ജില്ലയിലെ വെളിയന്നൂരിലും ദേശീയ പാതാകയും പാര്‍ട്ടി പതാകയും കൂട്ടിക്കെട്ടി. വെളിയന്നൂര്‍ വില്ലേജ് ഓഫിസിനു സമീപമാണ് സംഭവം. പടം വാട്‌സാപ്പില്‍ പ്രചരിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി .ഇതോടെ വാട്‌സാപ്പില്‍ നിന്ന് ചിത്രം മാറ്റി. കൊടിമരത്തില്‍ നിന്ന് പതാകയും അഴിച്ചുമാറ്റി.
ദേശീയപതാകയോടു കളി വേണ്ട
ദേശീയപതാക ഉയര്‍ത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും വ്യവസ്ഥ ചെയ്യുന്ന ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ, പതാകയുടെ ഉപയോഗത്തെ സംബന്ധിച്ച എംബ്ലംസ് ആന്‍ഡ് നെയിംസ് ആക്ട് എന്നിവയിലെ ചട്ടക്രമങ്ങള്‍ ഇങ്ങനെയാണ്:
* നിബന്ധനകള്‍ പാലിച്ച് എല്ലാദിവസവും ദേശീയപതാക ഉയര്‍ത്താം.
* മണ്ണിലോ വെള്ളത്തിലോ മുട്ടുന്ന രീതിയില്‍ ഉപയോഗിക്കാന്‍ പാടില്ല.
*മനഃപൂര്‍വം തലകീഴായി കെട്ടുന്നതു കുറ്റകരമാണ്.
*പതാക ഉയര്‍ത്തുമ്പോള്‍ അതില്‍ പൂക്കളല്ലാതെ മറ്റൊന്നും വയ്ക്കാന്‍ പാടില്ല.
*ഏതെങ്കിലും പൊതുസ്ഥലത്തുവച്ചോ പൊതുജനസാന്നിധ്യത്തില്‍ മറ്റേതെങ്കിലും സ്ഥലത്തുവച്ചോ പതാകയെ വികലമാക്കുകയോ അപമാനിക്കുകയോ ചെയ്താല്‍ ജാമ്യമില്ലാ വകുപ്പായി കേസെടുക്കാം. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്നുവര്‍ഷം തടവോ പിഴയോ രണ്ടും കൂടെയോ നല്‍കാം.
*സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ മാത്രമേ പതാക പാറിക്കാന്‍ അവകാശമുള്ളു. (സ്ഥിരമായി ഉപയോഗിക്കുന്നിടത്ത് ഈ സമയപരിധിയില്ല).
*പതാക ഉപയോഗശൂന്യമാവുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താല്‍ ആദരവോടെ സംസ്‌കരിക്കണം.
*ദേശീയപതാകയുടെ നീളം-വീതി അനുപാതം 3:2 ആണ്. ആറിഞ്ചു മുതല്‍ 21 അടിവരെ ഒന്‍പതുതരം അളവുകള്‍ നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























