ക്ലാസില്‍ ലഹരി മരുന്ന് ഉപയോഗം: 12 പെണ്‍കുട്ടികള്‍ പിടിയില്‍

ക്ലാസില്‍ ലഹരി മരുന്ന് ഉപയോഗിച്ചതിന് തിരുവനന്തപുരത്തെ രണ്ടു സ്‌കൂളുകളിലെ ഒരു ഡസനോളം പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി താക്കീതു ചെയ്തു വിട്ടയച്ചു. ഈ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ഌസ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. ലഹരി വില്‍ക്കുന്നതിന് പൊലീസ് പിടികൂടുന്ന കേസുകളുടെ അന്വേഷണം ചെന്നെത്തുന്നത് നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലെയും കോളജുകളിലെയും പെണ്‍കുട്ടികളിലേക്കാണ്.
സിറ്റി ഷാഡോ പൊലീസും ആന്റി നാര്‍ക്കോട്ടിക് സെല്ലും ചേര്‍ന്ന് കഴിഞ്ഞ ആറു മാസത്തിനിടെ നടത്തിയ മിക്ക ലഹരി വേട്ടകളും ചെന്നെത്തിയതു പെണ്‍കുട്ടികളിലേക്കാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് കൈമാറുന്നത്.
നഗരത്തിലെ ലഹരി റാക്കറ്റിനെക്കുറിച്ച് മുഖ്യ വിവരങ്ങള്‍ പോലീസിന് ലഭിച്ചത് സിറ്റി നാര്‍ക്കോട്ടിക് സെല്ലും ഷാഡോ പോലീസ് സംഘവും പൂന്തുറ പോലീസും ചേര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത പരുത്തിക്കുഴി സ്വദേശി ഫയാസില്‍ (31) നിന്നാണ് . ഫയാസ് അടക്കമുള്ളവരില്‍ നിന്ന് ലഹരി വാങ്ങുന്നത് കോളജിലെയും സ്‌കൂളുകളിലെയും ആണ്‍കുട്ടികളാണെങ്കിലും ഇതില്‍ നല്ലൊരു പങ്ക് ലഹരി വസ്തുക്കളും എത്തിച്ചേരുന്നത് പെണ്‍കുട്ടികളുടെ കൈകളിലേക്കാണ് എന്നു കണ്ടെത്തി.
ഫയാസിനെ അറസ്റ്റു ചെയ്യുന്ന സമയത്ത് അവിടെ ലഹരി വാങ്ങാനായി എത്തിയിരുന്ന രണ്ട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചയുടന്‍ ഇവരിലൊരാളുടെ ഫോണിലേക്കു വന്ന കോള്‍ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടേതായിരുന്നു. \'സാധനം കിട്ടിയോടാ\' എന്നായിരുന്നു ചോദ്യം.
കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ക്കും \'സാധനം\' എത്തിച്ചു കൊടുക്കാറുണ്ടെന്നു ആണ്‍കുട്ടികള്‍ സമ്മതിച്ചു. മുട്ടത്തറ ബൈപാസ് റോഡിലെ ഒഴിഞ്ഞ പുരയിടത്തില്‍ വച്ചാണ് ഫയാസിനെ പൊലീസ് അറസ്റ്റു ചെയ്തത്. സിറിഞ്ചില്‍ ലഹരി മരുന്ന് നിറച്ച് ഫയാസ് കാത്തിരിക്കും. ആവശ്യക്കാര്‍ വന്ന് കുത്തിവയ്പ് എടുത്തു മടങ്ങും. ഒരു ഡോസിന് 200 രൂപ. മുന്‍പു ബ്രൗണ്‍ ഷുഗറാണ് ഇത്തരത്തില്‍ കുത്തിവച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ ഫയാസിന്റെ കുത്തിവയ്പിലെ ചേരുവ എന്താണെന്നു പൊലീസിനു പോലും അറിയില്ല.
ഗുളികകള്‍ പോലും പൊടിച്ചു ചേര്‍ക്കുന്നുണ്ടെന്നാണു ഫയാസ് പൊലീസിനോടു പറഞ്ഞതെങ്കിലും ശാസ്ത്രീയ പരിശോധനാ ഫലം വരുമ്പൊഴേ ശരിക്കുള്ള കൂട്ട് എന്താണെന്നറിയാന്‍ കഴിയൂ. പലര്‍ക്കായി ഉപയോഗിക്കുന്ന ഒരൊറ്റ സൂചി. ഇതില്‍ പൊലീസ് തുരുമ്പിന്റെ അംശവും കണ്ടെത്തി.
ലഹരിയടങ്ങിയ സ്റ്റാംപ് (സ്റ്റാംപ്) ആണ് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകം. 750 രൂപ വരെ വിലയുള്ള സ്റ്റാംപുകളുണ്ട്. റീചാര്‍ജ് കൂപ്പണില്‍ കാണുന്ന സ്‌ക്രാച്ച് ചെയ്യുന്ന ഭാഗം പോലെയാണു സ്റ്റാംപില്‍ ലഹരി വസ്തു പതിപ്പിച്ചിരിക്കുന്നത്. ചുരണ്ടി പാനീയങ്ങളില്‍ കലര്‍ത്തി കുട്ടികള്‍ ഉപയോഗിക്കും.
കൗമാരക്കാരുടെ ഹാങ്ങൗട്ട് കേന്ദ്രങ്ങളായ ചില ന്യൂ ജനറേഷന്‍ കോഫി ഷോപ്പുകളില്‍ കുട്ടികളെത്തി, സ്റ്റാംപ് കോഫിയില്‍ കലര്‍ത്തി കഴിക്കുന്നതായി ഷാഡോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി സ്റ്റാംപില്‍ നിന്നു ചുരണ്ടിയെടുത്ത് നഖത്തിനടിയില്‍ സൂക്ഷിക്കുകയും സൗകര്യം കിട്ടുമ്പോള്‍ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുകയും ചെയ്യുന്ന സ്‌കൂള്‍ കുട്ടികളുണ്ടെന്നു പൊലീസ് പറഞ്ഞു.
ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ക്കെതിരെ കേസെടുക്കേണ്ടെന്നാണു പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പകരം, മാതാപിതാക്കളെ അറിയിച്ചും ബോധവല്‍ക്കരണം നടത്തിയും പരിഹാരം കാണും. എന്നാല്‍ പല മാതാപിതാക്കളും മക്കളുടെ ലഹരി ഉപയോഗം അംഗീകരിക്കാത്ത അവസ്ഥയുണ്ട്.
ഒരു സ്‌കൂള്‍ വിദ്യാര്‍ഥി ലഹരി ഉപയോഗിക്കുന്ന കാര്യം മാതാപിതാക്കള്‍ അംഗീകരിക്കാതെ വന്നപ്പോള്‍ കുട്ടിയുടെ നീക്കങ്ങള്‍ വിഡിയോയില്‍ ചിത്രീകരിച്ചു കാണിക്കേണ്ടി വന്നുവെന്നു പൊലീസ് പറഞ്ഞു. നാര്‍ക്കോട്ടിക് സെല്‍ എ.സി. ആര്‍. ദത്തന്‍, കണ്‍ട്രോള്‍ റൂം എ.സി. പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തില്‍ ലഹരി മരുന്നു വേട്ടയും ബോധവല്‍ക്കരണവും നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























