കനിവിനു കാത്തു നില്‍ക്കാതെ സ്‌റ്റെഫിമോള്‍ വേദനയില്ലാ ലോകത്തേക്ക് യാത്രയായി

ചെറുപ്രായത്തില്‍ തന്നെ താങ്ങാനാവാത്ത് വേദനയുമായി മരുന്നുകളുടെ ലോകത്തു കഴിഞ്ഞ സ്‌റ്റെഫിമോള്‍ എന്ന പത്തു വയസുകാരി വേദനയില്ലാ ലോകത്തേക്കു യാത്രയായി. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വെല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെന്നിത്തല കിഴക്കേവഴി മണപ്പുറത്തു കിഴക്കതില്‍ സ്റ്റീഫന്‍ജെസി ദമ്പതികളുടെ മകള്‍ സ്‌റ്റെഫിയാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്.
ശരീരത്തിന്റെ പ്രതിരോധശേഷി ഇല്ലാതാകുന്ന ഫെബ്രല്‍ ന്യൂട്രോപ്പീനിയ എന്ന അപൂര്‍വരോഗത്തിനൊപ്പം ലുക്കീമിയയും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് 45 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇതിനായി നാട്ടുകാരും സുമനസുകളും കൈകോര്‍ത്തുള്ള പ്രവര്‍ത്തനം നടത്തി വരുന്നതിനിടയിലാണ് മരണവാര്‍ത്തയെത്തിയത്.
ചെന്നിത്തല മഹാത്മാ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു സ്‌റ്റെഫി. കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച സ്‌റ്റെഫിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും അവിടെ നിന്ന് ആര്‍.സി.സിയിലും ശേഷം എസ്.എ.ടിയിലും ചികിത്സ തേടി. ഇവിടുത്തെ ചികിത്സയിലാണ് രോഗത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്.
ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കൂലിവേലക്കാരനായ സ്റ്റീഫന് കഴിഞ്ഞിരുന്നില്ല. നാട്ടുകാരുടെ സഹായത്താലാണ് ഇത്രനാള്‍ ചികിത്സ നടത്തിയത്. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിനു ചെന്നിത്തല മഠത്തുംപടി ഫാത്തിമമാതാ പള്ളിയില്‍. സഹോദരങ്ങള്‍: ജസ്റ്റിന്‍, നിര്‍മല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha