20 വര്‍ഷത്തിനു ശേഷം എസ്.എ.ടി.യില്‍ ഒരു പ്രസവത്തില്‍ നാല് കണ്‍മണികള്‍

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ഒരു പ്രസവത്തില്‍ നാല് കുട്ടികള്‍. 20 വര്‍ഷംമുമ്പ് ഒരു പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ പിറന്നതിന് ശേഷം എസ്.എ.ടി.യില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഇക്കുറി മൂന്ന് പെണ്‍കുട്ടികളും ഒരാണുമാണ്.
തന്റെ ഉദരത്തിലുള്ളത് നാല് കുഞ്ഞുങ്ങളാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഷംലാബീവിക്ക് ഒറ്റപ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. നാല് പേരെയും ജീവനോടെ കിട്ടണം. കഠിനമായ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി. റംസാന്റെ പുണ്യംപോലെ നാല് കണ്‍മണികളെയും ഷംലയ്ക്ക് മാറോട് ചേര്‍ക്കാനായി.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഷൈലയാണ് ഗര്‍ഭകാലം മുതല്‍ ഷംലയെ ചികിത്സിച്ചത്. സിസേറിയന്‍ നടത്തിയതും ഡോ. ഷൈല തന്നെ. \'\'ഡോക്ടറുടെ ചികിത്സയും അള്ളാഹുവിന്റെ കാരുണ്യവും. അല്ലാതൊന്നും പറയാനില്ല.\'\' കണ്‍മണികളെ നോക്കി ഷംല പറഞ്ഞു.
ഷംലയ്ക്ക് (26) ആദ്യ പ്രസവത്തില്‍ അബ്ദുള്ള എന്ന ആറ് വയസ്സുകാരനായ ഒരു മകനുണ്ട്. രണ്ടാമത് ഗര്‍ഭിണിയാകാന്‍ വൈകിയപ്പോഴാണ് ഡോ. ഷൈലയുടെ ചികിത്സയിലായത്. മൂന്നാം മാസത്തെ സ്‌കാനിങ്ങിലാണ് നാല് കുഞ്ഞുങ്ങളുണ്ടെന്ന് കണ്ടെത്തിയത്. സാധാരണ മൂന്ന് കുഞ്ഞുങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ എല്ലാവരെയും കിട്ടാന്‍ പാടാണ്. മാസം തികയാതെ പ്രസവിക്കും. രണ്ടുപേരെ കളഞ്ഞ് രണ്ടുകുട്ടികളെ രക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഷംലയും ഭര്‍ത്താവ് ഫാറൂഖും നാല് കുഞ്ഞുങ്ങളെയും വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചുവെന്ന് ഡോ. ഷൈല പറഞ്ഞു.
തുടര്‍ന്ന് മൂന്നാംമാസം തന്നെ ഷംലയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന്റെ ലക്ഷണമുണ്ടായി. രക്തം കട്ടിയാകാനുള്ള സാധ്യതയുള്ളതിനാല്‍ അതിനും മരുന്ന് നല്‍കി. 30 ആഴ്ച വരെയെത്തി. കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ ജൂലായ് 10 നായിരുന്നു ശസ്ത്രക്രിയ.
ആദ്യം രണ്ട് പെണ്‍കുഞ്ഞുങ്ങളെയാണ് പുറത്തെടുത്തത്. അവര്‍ക്ക് യഥാക്രമം 1.09 കിലോ, 840 ഗ്രാം എന്നിങ്ങനെയായിരുന്നു തൂക്കം. മൂന്നാമത് ആണ്‍കുട്ടി 1.18 കിലോ, നാലാമത് പെണ്‍കുട്ടി 980 ഗ്രാം എന്നിങ്ങനെയായിരുന്നു തൂക്കം. അഞ്ച് മിനിറ്റിനുള്ളില്‍ നാല് പേരും പുറംലോകം കണ്ടു. തൂക്കം ഒന്നര കിലോയെങ്കിലുമായാലേ കുട്ടികളെ അമ്മക്കൊപ്പം വീട്ടില്‍ വിടാനാകൂ. കുഞ്ഞുങ്ങളെ നഴ്‌സറിയിലാക്കി. ഇപ്പോള്‍ അവരുടെ തൂക്കം കൂടിവരുന്നു. കഴിഞ്ഞദിവസം അവര്‍ അമ്മയുടെ അരികിലേക്കെത്തി. നാലുപേര്‍ക്കും പേരിട്ടു. ഖദീജ, ഫാത്തിമ, മുഹമ്മദ്, മുബീറ.
ഒരാഴ്ചകൂടി കഴിഞ്ഞാല്‍ ഇവര്‍ക്ക് ആശുപത്രി വിടാനാകും. ഷംലയുടെ ഭര്‍ത്താവ് അണ്ടൂര്‍ക്കോണം മുടിമൂല വീട്ടില്‍ ഫാറൂഖ് പ്രസവസമയത്ത് അടുത്തുണ്ടായിരുന്നു. ഗള്‍ഫില്‍ ജോലിക്ക് തിരിച്ചെത്തേണ്ട സമയമായതിനാല്‍ അദ്ദേഹം ഗള്‍ഫിലേക്ക് മടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha