മല്‍സ്യബന്ധനത്തിനു പോയ ബോട്ടില്‍ ചരക്കുകപ്പലിടിച്ച് തൊഴിലാളിക്കു ഗുരുതര പരുക്ക്

നീണ്ടകര തുറമുഖത്തു നിന്നു പോയ മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു മല്‍സ്യത്തൊഴിലാളി കന്യാകുമാരി കുളച്ചല്‍ സ്വദേശി തദേവൂസിനു (45) പരുക്കേറ്റു. തകര്‍ന്ന ബോട്ടില്‍ തന്നെ കരയിലെത്തിച്ച തദേവൂസിനെ പിന്നീടു നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ചശേഷം നിര്‍ത്താതെ പോയ ചരക്കുകപ്പലിനെ തിരിച്ചറിഞ്ഞില്ല.
കന്യാകുമാരി തൂത്തൂര്‍ സ്വദേശി ശെല്‍വരാജിന്റെ ജോഷ്വാ എന്ന ബോട്ടാണു തിങ്കള്‍ പുലര്‍ച്ചെ 12.30ന് അപകടത്തില്‍പ്പെട്ടത്. ഞായര്‍ രാത്രിയാണു തുറമുഖത്തുനിന്നു പോയത്. 20 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയപ്പോഴായിരുന്നു അപകടം. ശെല്‍വരാജ് ഉള്‍പ്പെടെ ഒന്‍പത് തൊഴിലാളികള്‍ ഉണ്ടായിരുന്നു. ബോട്ട് ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി സ്റ്റാലിന്‍ ഒഴികെയുള്ളവര്‍ ബോട്ടിന്റെ മുന്‍ഭാഗത്ത് ഉറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ ഫൈബറും തടിയും കൊണ്ടുള്ള അണിയം ഡെക്കിലേക്കു തകര്‍ന്നുവീണു. ഇതിനടിയില്‍പ്പെട്ടാണു തദേവൂസിനു പരുക്കേറ്റത്.
ബോട്ട് കുലുങ്ങിയതിനൊപ്പം തദേവൂസിന്റെ നിലവിളി കേട്ടാണു മറ്റുള്ളവര്‍ ഉണര്‍ന്നത്. ഇളകിവീണ ഫൈബറിനും പലകയ്ക്കുമിടയില്‍ ബോട്ടിന്റെ പ്ലാറ്റ്‌ഫോമില്‍ കുടുങ്ങിക്കിടന്ന തദേവൂസിനെ പുറത്തെടുക്കാന്‍ അര മണിക്കൂര്‍ വേണ്ടിവന്നു. ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് അപകടസ്ഥലത്തു നിന്നു ബോട്ട് ശക്തികുളങ്ങര തുറമുഖത്തേക്കു മടങ്ങിയത്. പുലര്‍ച്ചെ ആറോടെ തുറമുഖത്തെത്തിച്ച തദേവൂസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമശുശ്രൂഷ നല്‍കിയ ശേഷമാണു നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തോളെല്ലിനു പൊട്ടലും തലയ്ക്കും കാലിനും പരുക്കുമുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ്. ശെല്‍വരാജ്, സ്റ്റാലിന്‍, വിജയ്, സേവ്യര്‍, ഹനീഫ, സുബ്ബയ്യ, അരുണ്‍രാജ് തുടങ്ങി മറ്റ് എട്ടു തൊഴിലാളികള്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
ബോട്ടിലിടിച്ച കപ്പല്‍ കന്യാകുമാരി ഭാഗത്തേക്കാണു പോയത്. അപകടസമയത്തു മഴ പെയ്തതിനാല്‍ ബോട്ടിലെ കാബിന്‍ ചില്ലുകള്‍ അടച്ചിരുന്നു. ചരക്കുകപ്പലാണെന്നു മനസ്സിലായെങ്കിലും പേരും മറ്റു വിവരങ്ങളും തിരിച്ചറിയാന്‍ തൊഴിലാളികള്‍ക്കു സാധിച്ചില്ല. കപ്പലില്‍ വിളക്കുകള്‍ കത്തിച്ചിരുന്നില്ല. അണിയം പൂര്‍ണമായി തകര്‍ന്ന ബോട്ട് ശക്തികുളങ്ങര കാവനാട് കണിയാംകടവിലെ യാര്‍ഡിലേക്കു മാറ്റി. കഴിഞ്ഞ ഡിസംബറില്‍ നീറ്റിലിറക്കിയ പുതിയ ബോട്ടാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha