യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി കടലിലെറിഞ്ഞു, ആളെ തിരിച്ചറിഞ്ഞിട്ടില്ല

യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. മൃതദേഹം കാഞ്ഞിരംകുളം ഇരയിമ്മന്‍തുറയില്‍ കരയ്ക്കടിഞ്ഞതായി പോലീസ് പറഞ്ഞു. ആളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ എട്ടുമണിയോടെ ഇരയിമ്മന്‍തുറ പുല്ലുവിളയില്‍ ഗോതമ്പ് റോഡ് സുനാമിച്ചന്തയ്ക്ക് സമീപം കടല്‍തീരത്താണ് മൃതദേഹം കണ്ടെത്തിയത്. വായ് മൂടിക്കെട്ടിയ ചണച്ചാക്കില്‍നിന്ന് കാലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
കാഞ്ഞിരംകുളം എസ്.ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ചാക്ക് കെട്ട് അഴിച്ച് പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. കറുത്ത ഷര്‍ട്ടും വെള്ളപാന്റ്‌സും ധരിച്ച 35 വയസ് തോന്നിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൈകാലുകള്‍ കൂട്ടിക്കെട്ടി വായില്‍ തോര്‍ത്ത് തിരുകിയ നിലയിലാണ്. കൊലയ്ക്കുശേഷം മൃതദേഹം ചാക്കില്‍കെട്ടി കടലിലെറിഞ്ഞതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കഴുത്തില്‍ മുറിവേറ്റ പാടുണ്ട്. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. തൊലി അഴുകി വികൃതമായി തുടങ്ങിയ നിലയിലാണ്. സംഭവമറിഞ്ഞ് പ്രദേശത്ത് വന്‍ ജനാവലി തടിച്ചുകൂടി. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ സുനില്‍, എസ്.ഐ ചന്ദ്രസേനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha