ഇരിങ്ങാലക്കുടയിലെ ആദിത്തിന്റെ ഹൃദയം കസഖ്സ്ഥാന്റെ ദില്‍നാസില്‍ തുടിക്കും

സംസ്ഥാനാന്തര അവയവദാനം കഴിഞ്ഞ് രാജ്യാന്തര അവയവ മാറ്റത്തിലേക്കൊരു ചരിത്ര നിമിഷം. കൊച്ചിയില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശിയായ പന്ത്രണ്ടുകാരന്റെ ഹൃദയം കസഖ്സ്ഥാനില്‍ നിന്നുള്ള പത്തു വയസുകാരനു മാറ്റി വച്ചു. ഇരിങ്ങാലക്കുട ചേലൂര്‍ കല്ലൂക്കാരന്‍ പോള്‍സന്റെ മകന്‍ ആദിത്തിന്റെ (12) ഹൃദയമാണു ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കസഖ്സ്ഥാനില്‍ നിന്നുള്ള പത്തു വയസുകാരന്‍ ദില്‍നാസ് ഇസ്ഹാനു മാറ്റിവച്ചത്.
പിതാവ് പോള്‍സണൊപ്പം യാത്ര ചെയ്യവേ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആദിത്തിന്റെ മസ്തിഷ്‌ക മരണം ഇന്നലെ പുലര്‍ച്ചെ 12.25നാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ അവയവമാറ്റത്തിനു തയാറായതോടെ കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്, തമിഴ്‌നാട് നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ് എന്നിവ മുഖേന ഹൃദയം ആവശ്യമുള്ളവര്‍ക്കായി അന്വേഷണം നടത്തി.
കൊച്ചിയില്‍ നിന്നും ആദിത്ത് പോള്‍സന്റെ ഹൃദയം ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലേക്ക് ആംബുലന്‍സിലാണ് കൊണ്ടുപോയത്. എന്നാല്‍, യോജിച്ച ഇന്ത്യക്കാരെ കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് ഹൃദയം മാറ്റിവെയ്ക്കാനായി ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശികളിലേക്ക് അന്വേഷണം നീണ്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള കസഖ്സ്ഥാനില്‍ നിന്നുള്ള പത്തു വയസുകാരന് ഹൃദയം യോജിക്കുമെന്ന് വ്യക്തമായി.
ഇന്നലെ വൈകിട്ട് 4.20നു ആദിത്തില്‍ നിന്നു ഹൃദയം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു. ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഇന്‍ചാര്‍ജ് ഡോ. കെ.ആര്‍. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ചേമുക്കാലോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.
ആറു മണിക്ക് സംഘം പൊലീസ് അകമ്പടിയോടെ പ്രത്യേക ആംബുലന്‍സില്‍ ഹൃദയവുമായി നെടുമ്പാശേരിയില്‍ എത്തി. 6.30നു പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്കു തിരിച്ചു. വിമാനം 8.13നു ചെന്നൈ വിമാനത്താവളത്തിലെത്തി. ഹൃദയം 8.23നു അഡയാര്‍ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെത്തി. 8.30നു ശസ്ത്രക്രിയ ആരംഭിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ ചേലൂര്‍ പള്ളിയില്‍ മാതാവിന്റെ ഊട്ടു കഴിച്ച ശേഷം പോള്‍സണും ആദിത്തും അമ്പഴക്കാടുള്ള ബന്ധു വീട്ടിലേക്ക് പോകുമ്പോള്‍ വൈകിട്ട് മൂന്നോടെ കുഴിക്കാട്ടുശ്ശേരിയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഇന്നു രാവിലെ തൃശൂരിലെത്തിക്കുന്ന മൃതദേഹം ജൂബിലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കുന്ന പിതാവ് പോള്‍സണിനെ കാണിച്ച ശേഷമാകും പള്ളിയിലേക്കു കൊണ്ടുപോകുക.
താങ്ങാനാവാത്ത വേദനയിലും മനസിലെ നന്മ കൈവെടിയാതെ ആദിത്തിന്റെ മാതാപിതാക്കള്‍ മാതൃകയായി. അപ്രതീക്ഷിതമായ അപകടം തങ്ങളുടെ ഓമനയുടെ ജീവനെടുത്തപ്പോഴും അവയവദാനത്തിന് തയാറായ ആദിത്തിന്റെ മാതാപിതാക്കളുടെ മനസിന്റെ നന്മ പലര്‍ക്കും പുതുജീവന്‍ നല്‍കും.
ആദിത്തിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ നട്ടെല്ലിനു ഗുരുതര പരുക്കേറ്റ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന പോള്‍സണ്‍ ഓര്‍മ വരുമ്പോഴെല്ലാം ചോദിച്ചിരുന്നത് ആദിത്തിന്റെ വിവരമായിരുന്നു. ആദിത്തിന്റെ മസ്തിഷ്‌ക മരണം സ്ഥീരീകരിച്ചപ്പോഴും വിവരം പോള്‍സനെ അറിയിക്കാനുള്ള ധൈര്യം കൂടെയുള്ളവര്‍ക്ക് ഉണ്ടായില്ല. ചേലൂര്‍ പള്ളിയിലെ മുന്‍ വികാരിയായിരുന്ന ഫാ. ഡേവിസ് ചെങ്ങിനിയാടന്റെ നേതൃത്വത്തിലാണ് മരണവിവരം പോള്‍സണെ അറിയിച്ചത്. അവയവദാനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂടുതല്‍ ആലോചിക്കാതെ പോള്‍സണ്‍ സമ്മതം നല്‍കുകയായിരുന്നെന്ന് ഫാ. ഡേവിസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha