ബോണസ് കുറഞ്ഞു പോയി… വഴക്കിനൊടുവില്‍ പറഞ്ഞുതീര്‍ക്കാനായി വന്ന് ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു

മുരുക്കുംപുഴയില്‍ ഉറങ്ങിക്കിടന്ന യുവാവിനെ വിളിച്ചുണര്‍ത്തി ഭാര്യയുടെ കണ്‍മുന്നിലിട്ട് കുത്തിക്കൊന്നു. മംഗലപുരം മുരുക്കുംപുഴ ഇടവിളാകം വിളയില്‍ വീട്ടില്‍ ശശി സുധ ദമ്പതികളുടെ മകന്‍ സൈജുവാണ് (32) കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ സുജയ്ക്കും(27) കുത്തേറ്റു.
ഇന്നു പുലര്‍ച്ചെ രണ്ടുമണിയ്ക്കാണ് ക്രൂരമായ കൊലപാതകം നടന്നത്. ഡെക്കറേഷന്‍ കരാറുകാരനായ സൈജുവിന്റെ ഒപ്പം ജോലിചെയ്യുന്ന പിതൃ സഹോദരി പുത്രന്‍ ആറ്റിങ്ങല്‍ മാമം സ്വദേശി ശ്രീരാജാണ് സൈജുവിനെ കൊലപ്പെടുത്തിയതെന്ന് വീട്ടുകാര്‍ മംഗലപുരം പൊലീസിനോട് പറഞ്ഞു. പന്തലടക്കമുള്ള ഡെക്കറേഷന്‍ ജോലികള്‍ ചെയ്തുവരുന്ന സൈജുവും ശ്രീരാജും ഏറെ നാളായി ഒരുമിച്ചായിരുന്നു പണിയെടുത്തിരുന്നത്. ഇന്നലെ സൈജു ശ്രീരാജിന് ബോണസ് നല്‍കിയിരുന്നു. ബോണസ് കുറവാണെന്ന് പറഞ്ഞ് സൈജുവും ശ്രീരാജുമായി വൈകിട്ട് തര്‍ക്കമുണ്ടായി. രാത്രി വീട്ടിലെത്തിയ സൈജുവിനെ ശ്രീരാജ് ഫോണില്‍ വിളിച്ചു. ഫോണിലൂടെയുള്ള തര്‍ക്കം ഏറെനേരം നീണ്ടു.
പുലര്‍ച്ചയോടെ ശ്രീരാജ് ഒരു സുഹൃത്തിനെയും കൂട്ടി സൈജുവിന്റെ വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൈജു പുറത്തിറങ്ങാന്‍ തയാറായില്ല. ഒടുവില്‍ പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ വന്നതാണെന്ന് പറഞ്ഞ് ശ്രീരാജ് നിര്‍ബന്ധിച്ച് വാതില്‍ തുറപ്പിച്ചു. തുടര്‍ന്ന് ബോണസ് കുറഞ്ഞത് വീണ്ടും ചോദ്യം ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൈജുവിന്റെ കഴുത്തില്‍ തുരുതുരാ കുത്തി. തടയാന്‍ ശ്രമിച്ചെങ്കിലും സൈജുവിന് കൈയ്ക്കും വയറ്റിലും കുത്തേറ്റു. തടയാന്‍ ഓടിയെത്തിയ ഭാര്യ സുജയുടെ തോളിലും കുത്തേറ്റു.
ശരീരത്തില്‍ ഇരുപതോളം കുത്തേറ്റ് രക്തം വാര്‍ന്ന് അവശനിലയിലായ സൈജുവിനെ സുജയും വീട്ടുകാരും ചേര്‍ന്ന് ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്തേറ്റ സുജയും മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. സംഭവത്തിനുശേഷം രക്ഷപ്പെട്ട ശ്രീരാജിനുവേണ്ടി അന്വേഷണം ആരംഭിച്ചു.
ജ്യോതിഷ് കൃഷ്ണ, ജ്യോതിക എന്നിവര്‍ സൈജുവിന്റെ മക്കളാണ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ബിജു, ബിനു എന്നിവര്‍ സഹോദരങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha