തസ്‌നിയുടെ മൃതദേഹം കബറടക്കി, കണ്ണീരോടെവിട നല്‍കി പ്രിയകലാലയം, ആഗ്രഹിച്ച പഠനം പൂര്‍ത്തിയാക്കാതെ തെസ്‌നി ബഷീര്‍ മടങ്ങി

ഏറെ ആഗ്രഹിച്ച എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാതെ തെസ്‌നി ബഷീര്‍ മടങ്ങി. ആഘോഷം ജീവനെടുത്ത തങ്ങളുടെ പ്രിയകൂട്ടുകാരിയക്ക് സഹപാഠികള്‍ കണ്ണീരോടെ വിടനല്‍കി. ഇന്നലെ കോളേജില്‍ തസ്‌നിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴായിരുന്നു ക്യാമ്പസിന്റെ അടക്കിവച്ച കരച്ചിലുകള്‍ അണപൊട്ടിയെഴുകിയത്. ഇന്നലെ കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും കോളേജ് പരിസരത്ത് രാവിലെമുതല്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രിയ കൂട്ടുകാരിയെ അവസാനമായി ഒന്നുകാണാന്‍ ക്യാമ്പസില്‍ രാവിലെ മുതല്‍ തടിച്ചുകൂടിയിരുന്നു.തെസ്‌നിയുടെ വര്‍ണ പോസ്റ്ററുകള്‍ കാമ്പസിലാകെ പതിച്ചിരുന്നു. പ്രസന്ന ഭാവത്തിലുള്ള ആ ചിത്രങ്ങള്‍ പതിഞ്ഞ ചുവരിന് താഴെ, കോളേജിന്റെ പ്രവേശന ഹാളിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. നിശബ്ദമായ വിങ്ങലോടെ വിദ്യാര്‍ത്ഥികള്‍ നിരയായി അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
വെള്ളപുതച്ച്, നിത്യ നിദ്രയിലാണ്ട കൂട്ടുകാരിയുടെ മുഖത്തേക്കു നോക്കുമ്പോള്‍ പലരുടെയും കണ്ണുകളില്‍ നിന്ന് കണ്ണീര്‍ പ്രവഹിച്ചു. തെസ്‌നിയുടെ ക്‌ളാസിലെ വിദ്യാര്‍ത്ഥിനികള്‍ കോളേജിന്റെ മുറ്റത്തേക്കു വന്ന് പരസ്പരം കെട്ടിപ്പിടിച്ച് നിലവിളിച്ച രംഗം മറ്റുള്ളവരെയും സങ്കടത്തിലാക്കി. മൂടിക്കെട്ടിയ മുഖവുമായി അദ്ധ്യാപകരും പല കോണുകളില്‍ തളര്‍ന്നിരുന്നു. അതിന് ശേഷം സ്വദേശമായ നിലബൂരിലേക്ക് കൊണ്ടുപോകാനായി മൃതദേഹമെടുത്തപ്പോള്‍പതുങ്ങി നിന്ന തേങ്ങല്‍ കൂട്ടനിലവിളിയായി. ഈ രംഗം എല്ലാവരുടേയും കണ്ണുകള്‍ നിറയിച്ചു.
ശ്രീകാര്യം എന്‍ജിനിയറിംഗ് കോളേജിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു തെസ്‌നി. ഓണാഘോഷത്തിന്റെ പേരില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ നടത്തിയ കൂത്താട്ടത്തിനിടെ ജീപ്പിടിച്ച് മാരകമായി പരിക്കേറ്റ തെസ്‌നി വ്യാഴാഴ്ച രാത്രി 12.15 നാണ് കിംസ് ആശുപത്രിയില്‍ മരണമടഞ്ഞത്.
ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. അവിടെ നിന്ന് 12 മണിയോടെ മൃതദേഹവുമായി ആംബുലന്‍സ് എന്‍ജിനിയറിംഗ് കോളേജ് കാമ്പസിലെത്തി. ദുരന്തത്തെ തുടര്‍ന്ന് കോളേജിനകത്തും പുറത്തും കനത്ത പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഡെപ്യൂട്ടി കമ്മിഷണര്‍ സഞ്ജീവ് കുമാര്‍ ഗരുഡെ, എ.സി ജവഹര്‍ ജനാര്‍ഡ് എന്നിവര്‍ കോളേജില്‍ ക്യാമ്പ് ചെയ്ത് മേല്‍നോട്ടം വഹിച്ചു.എം.എല്‍.എമാരായ എം.എ. വാഹിദ്, ശബരീനാഥന്‍, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. ഡേവിഡ് തുടങ്ങിയവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























