മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം... ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റം, കേരളം സുപ്രീം കോടതിയിലേക്ക് തോല്‍ക്കണമെന്ന പ്രാര്‍ത്ഥനയോടെയാണോ?

മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം. ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റമുണ്ടായത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടില്‍ യാതൊരു ആത്മാര്‍ത്ഥതയും നിയമ ലോകം പോലും കാണുന്നില്ല.
സുപ്രിം കോടതി തങ്ങള്‍ക്കെതിരെ നിലപാട് എടുക്കണമെന്ന ആഗ്രഹവുമായാണ് കേരളം പരമോന്നത നീതിപീഠത്തിന് മുന്നിലെത്തുന്നതെന്ന തമാശ ഡല്‍ഹിയിലെ നിയമജ്ഞര്‍ ഏറ്റുപറയുന്നുണ്ട്.
വീഴ്ചകളുടെ ഘോഷയാത്ര തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനുണ്ടായത്. മരംമുറിയുടെ കരുത്തില്‍ തന്നെ കേരളത്തിന്റെ ഒളിച്ചുകളി വ്യക്തമാണ്. ഒരു ചെറിയ ഉദ്യോഗസ്ഥന്റെ തലയില്‍ ചാരി സര്‍ക്കാര്‍ ഉന്നതര്‍ രക്ഷപ്പെടുകയായിരുന്നു.ചെറിയ മീനിനെതിരെ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പോലും ഇതുവരെ പുറത്തുവന്നിട്ടില്ല.
മുല്ലപ്പെരിയാറില്‍ വെള്ളം എത്ര ഉയര്‍ന്നാലും സാരമില്ലെന്ന തരത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണവും തമിഴ്‌നാട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ വിഷയത്തില്‍ ആശങ്കക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടേതായി അവസാനം പുറത്തുവന്നത്. ഇതിനിടയില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നിസഹായവസ്ഥയും ചര്‍ച്ചയായി. മന്ത്രി റോഷി അഗസ്റ്റിന് അന്തര്‍ സംസ്ഥാന നദീജല വകുപ്പുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും റോഷി അഗസ്റ്റിന്‍ മുല്ലപ്പെരിയാറില്‍ കയറി പിടിച്ച് മോശക്കാരനായി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയിലേക്ക് നീങ്ങുന്നത്. സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ന് പുതിയ അപേക്ഷ നല്‍കുമെന്നും അറിയിച്ചു.
മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ഇതോടെ ജനങ്ങള്‍ പ്രതിഷേധിച്ചു. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ് നാടിന്റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനം ജനങ്ങള്‍ക്കിടയിലും ശക്തമാണ്. ഇതോടെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.
അതേ സമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഡോ. ജോ ജോസഫും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നല്‍കിയത്. രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് പോലും നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നും മേല്‍നോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.
അതിനിടെ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നാലു ഷട്ടറുകള്‍ തമിഴ്‌നാട് വീണ്ടും തുറന്നു. നേരത്തെ പത്തു സെന്റിമീറ്റര്‍ തുറന്നു വച്ചിരുന്ന ഷട്ടര്‍ 30 ആക്കി. ഇതുവഴി സെക്കന്റില്‍ 2099 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ വീണ്ടും തുറന്നത്. പതിവു പോലെ ജലനിരപ്പ് 142 അടിക്കു മുകളിലേക്ക് എത്താതിരിക്കാനാണ് ഷട്ടറുകള്‍ തുറന്നത്. 141.95 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മുല്ലപെരിയാറില്‍ കേരളത്തിന്റെ നിലപാടിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന കാര്യം സുപ്രീം കോടതിക്കും അറിയാം. കോടതിയില്‍ ഒന്ന് പറയുകയും പുറത്തിറങ്ങി മറ്റൊന്ന് ചെയ്യുകയുമാണ് കേരളത്തിന്റെ രീതി. ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള തന്ത്രമാണ് ഇപ്പോള്‍ കേരളം പയറ്റി കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha