ഗുണ്ടകളെ വളര്‍ത്തുന്നത് പൊലീസും രാഷ്ട്രീയക്കാരും ചേര്‍ന്ന് ? രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല: പൊലീസിന്റെ ഗുണ്ടായിസവും പരാജയപ്പെടുന്ന ഗുണ്ടാ വേട്ടയും...

കോട്ടയം വിമലഗിരിയില്‍ പത്തൊന്‍പതുകാരനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട സംഭവത്തിന് പിന്നാലെ പൊലീസും രാഷ്ട്രീയക്കാരും ഗുണ്ടകളും തമ്മിലുള്ള ബന്ധം കൂടി പുറത്തുവരികയാണ്. നാടുനീളെ കൊലവെറിയുമായി നടക്കുന്ന ഗുണ്ടകളെ ഗുണ്ടാനിയമം ചുമത്തി ജയിലിലടയ്ക്കാനുള്ള നടപടികള്‍ അട്ടിമറിക്കുന്നത് പൊലീസും രാഷ്ട്രീയക്കാരും ചേര്‍ന്നാണ്.
ഇതിന്റെ ഒരു കാരണം ഇരുക്കൂട്ടര്‍ക്കും ഗുണ്ടകള്‍ വേണ്ടപ്പെട്ടവരാണ് എന്നതു തന്നെ. രാഷ്ട്രീയക്കാര്‍ക്ക് നിലനില്‍ക്കാനും മുന്നേറാനും ഗുണ്ടകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയുമൊക്കെ പിന്തുണ ആവശ്യമാണെന്നാണ് സമീപ കാലത്തുണ്ടായ സംഭവങ്ങളൊക്കെ സൂചിപ്പിക്കുന്നത്. ഇത്തരം പിന്തുണയുടെ പ്രതിഫലമായി നിയമവ്യവസ്ഥയെ ഭയപ്പെടാതെ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഗുണ്ടാ സംഘങ്ങള്‍ക്ക് ലഭിക്കുന്നത് എന്നതാണ്.
ഏതെങ്കിലും ഒരു പൊലീസുകാരനാവും ഗുണ്ടാലിസ്റ്റ് തയാറാക്കുക. രാഷ്ട്രീയ-മാഫിയ സമ്മര്‍ദം കാരണം ഇതില്‍ പഴുതുകളുണ്ടാവും. ലിസ്റ്റിലെ വേണ്ടപ്പെട്ടവരെ ഒഴിവാക്കാനും ശിക്ഷ നീട്ടാതിരിക്കാനും തലസ്ഥാനത്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയ ചരിത്രവുമുണ്ട്.
അതേസമയം രണ്ടിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയാണ് ഗുണ്ടാവേട്ടയുടെ പേരില്‍ പൊലീസ് പിടികൂടുന്നത്. രണ്ടാഴ്ച കൊണ്ട് 14,000 ഗുണ്ടകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുണ്ടാ നിയമപ്രകാരം 224 ഗുണ്ടകളുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുള്ള കണക്കാണിത്. കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ്-1606 പേര്‍. ആലപ്പുഴ-1337, കൊല്ലം സിറ്റി-1152, കാസര്‍കോട്-1141, പാലക്കാട്-1045 പേരും പിടിയിലായി. എന്നാല്‍ ഇത്രയധികം ഗുണ്ടകളെ പിടികൂടിയിട്ടും ഇക്കാലയളവില്‍ എത്രത്തോളം ഗുണ്ടാ ആക്രമണം കേരളത്തില്‍ നടന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല എന്നതാണ് മറ്റൊരു കാര്യം. അല്ലെങ്കില്‍ ഗുണ്ടാനിയമം ചുമത്താന്‍ കളക്ടര്‍ക്കുള്ള അപേക്ഷയില്‍ വിവരങ്ങള്‍ തെറ്റിക്കും. ഫയലില്‍ കേസ് നമ്പരും വകുപ്പും സെക്ഷനുകളും തെറ്റായി രേഖപ്പെടുത്തും.
വിവരങ്ങള്‍ തെറ്റാണെങ്കില്‍ കളക്ടര്‍ക്ക് കരുതല്‍ തടങ്കലിന് ഉത്തരവിടാനാകില്ല. കളക്ടര്‍മാരെ രാഷ്ട്രീയക്കാര്‍ സ്വാധീനിക്കുന്നതും പതിവാണ്. കളക്ടര്‍ നടപടിയെടുത്താല്‍ കാപ്പ ബോര്‍ഡിലും ഹൈക്കോടതിയിലും അപ്പീല്‍ നല്‍കി ഗുണ്ടകള്‍ ഊരിപ്പോവുകയും ചെയ്യും.
ഡിജിപി പ്രഖ്യാപിച്ച ഓപ്പറേഷന്‍ കാവല്‍ ഗുണ്ട വേട്ടയും സ്റ്റേഷന്‍ ജില്ലാതല ദൗത്യവും പരാജയപ്പെട്ടതിന്റെ പ്രധാന കാരണം താഴേത്തട്ടിലെ നിസഹകരണം കാരണമാണ്. യുവ എസ്‌ഐമാരില്‍ നിന്ന് സ്റ്റേഷന്‍ ചുമതല സിഐമാര്‍ക്ക് നല്‍കിയതോടെ ഗുണ്ടാവേട്ട തണുത്തു എന്ന് വേണം പറയാന്‍.
ഇതോടെ ഗുണ്ടകളെ ഓടിച്ചിട്ട് പിടിക്കുന്ന രീതിയും ഇല്ലാതെയായി. സിഐമാര്‍ക്ക് രാഷ്ട്രീയ സമ്മര്‍ദം കൂടിയായതോടെ ഗുണ്ടകള്‍ക്ക് പരമസുഖവും ആയി. സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള ശക്തവും കാര്യക്ഷമവുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലായെങ്കില്‍ ജനങ്ങള്‍ക്ക് സൈ്വര്യജീവിതം നയിക്കാനും കഴിയാതെ ആകും.
"
https://www.facebook.com/Malayalivartha


























