പൊലീസും ഗുണ്ടകളും തമ്മില്‍ എന്താണ് വ്യത്യാസം; കോവളത്ത് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം; ക്യാന്‍സര്‍ രോഗിയായ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കിൽ പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കോവളത്ത് കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മകളുടെ മരണത്തില്‍ കുറ്റവാളികളാക്കാന്‍ പൊലീസ് ശ്രമിച്ച രക്ഷിതാക്കളെ വീട്ടിലെത്തി കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത അപരിഷ്കൃതമായ രീതിയിലുള്ള അന്വേഷണമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മകളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനായി പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ മര്‍ദ്ദിച്ചു. ഇങ്ങനെയെങ്കില്‍ പൊലീസും ഗുണ്ടകളും തമ്മില്‍ എന്താണ് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേരളം നാണിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് നടന്നതെന്നും ഇക്കാര്യത്തില്‍ ഒരു ഉദ്യോഗസ്ഥനെതിരെ പോലും നടപടിയെടുക്കാത്തതെന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ക്യാന്‍സര്‍ രോഗിയായ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇല്ലെങ്കില്‍ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. പൊലീസില്‍ നിന്നും നാട്ടുകാരില്‍ നിന്നും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെ പറ്റിയും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. കുറ്റം ഏറ്റെടുക്കാന്‍ പൊലീസ് ചൂരല്‍ കൊണ്ട് അടിച്ചെന്നും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാപിതാക്കളായ ആനന്ദനും ഗീതയും പറഞ്ഞത്.
https://www.facebook.com/Malayalivartha


























