കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികൾ നടത്തിയിട്ടും പിണറായി വിജയന് തുടർഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ സഖ്യത്തിലൂടെയാണ്; ഇപ്പോളിതാ അഴിമതി കേസുകളിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്ന് ഭയന്ന് സിപിഎം-ബിജെപി സഖ്യം ലോകായുക്തയ്ക്ക് മൂക്കുകയറിട്ടിരിക്കുന്നു; അഴിമതി വീരനായ മുഖ്യമന്ത്രിക്ക് ഗവർണർ കുട പിടിക്കുന്നുവെണ്ണ ആരോപണവുമായി കെ. സുധാകരൻ

അഴിമതി വീരനായ മുഖ്യമന്ത്രിക്ക് ഗവർണർ കുട പിടിക്കുന്നുവെണ്ണ ആരോപണവുമായി കെ സുധാകരൻ രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അഴിമതി വീരനായ മുഖ്യമന്ത്രിക്ക് ഗവർണർ കുട പിടിക്കുന്നു. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികൾ നടത്തിയിട്ടും പിണറായി വിജയന് തുടർഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ സഖ്യത്തിലൂടെയാണ്.
ഇപ്പോളിതാ അഴിമതി കേസുകളിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്ന് ഭയന്ന് സിപിഎം-ബിജെപി സഖ്യം ലോകായുക്തയ്ക്ക് മൂക്കുകയറിട്ടിരിക്കുന്നു. ലോകായുക്തയെ ഒരു കടലാസ് പുലി ആക്കുന്ന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിട്ടു കഴിഞ്ഞു. അഴിമതിക്കേസിൽ ലോകായുക്തയുടെ വിധി വന്നു കഴിഞ്ഞാൽ അതു കൈമാറേണ്ടത് ഗവർണർക്കും മുഖ്യമന്ത്രിക്കും ആണ്.
1999ലെ ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പ് അനുസരിച്ച് ലോകായുക്തയുടെ അന്തിമവിധി അതേപടി അംഗീകരിച്ച്, കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കം ചെയ്യേണ്ടതുണ്ട്. മൂന്ന് മാസത്തിനകം വിധി നടപ്പിലാക്കിയില്ലെങ്കിൽ വിധി അംഗീകരിച്ചതായി കണക്കാക്കും.
എന്നാൽ പുതിയ ഭേദഗതി ഓർഡിനൻസ് നിലവിൽ വരുന്നതോടെ ലോകായുക്തയുടെ ഈ അധികാരം അവസാനിക്കുകയാണ്. ഇനി മുതൽ കുറ്റാരോപിതർക്ക് എതിരെ സർക്കാർ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം ലോകായുക്തയുടെ വിധി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം.
കഴിഞ്ഞ ഭരണകാലത്ത് നടന്ന എണ്ണമറ്റ അഴിമതികളിൽ പിണറായി വിജയനെതിരെ ലോകായുക്ത വിധി വന്നാൽ ഇനി നടപ്പിലാക്കേണ്ടതില്ല. കെ- റയിൽ പദ്ധതിയിലടക്കം വൻകിട അഴിമതികൾ ആസൂത്രണം ചെയ്തിരിക്കുന്നുവെന്ന് ഈ ഓർഡിനൻസ് ഭേദഗതി വ്യക്തമാക്കുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എന്നിവരെ മാത്രമേ നിലവിൽ ഉണ്ടായിരുന്ന ചട്ടം അനുസരിച്ച് ലോകായുക്തയായി നിയമിക്കാൻ സാധിക്കുമായിരുന്നുള്ളൂ.
എന്നാൽ ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥ ഓർഡിനൻസിൻ്റെ ഭേദഗതിയിൽ വന്നിരിക്കുന്നു. ഒരു ഭാഗത്ത് ലോകായുക്തയുടെ പല്ല് തട്ടിക്കൊഴിക്കുകയും, മറുഭാഗത്ത് ഇഷ്ടക്കാരെ നിയമിക്കാൻ ഉള്ള സാധ്യത തുറന്നിടുകയും ചെയ്തു കൊണ്ടാണ് പുതിയ ഓർഡിനൻസ് നിലവിൽ വന്നിട്ടുള്ളത്.
നിയമസഭ സമ്മേളനം പ്രഖ്യാപിക്കുന്നത് പോലും നീട്ടി വച്ചു കൊണ്ടാണ് ജനാധിപത്യ സംവിധാനത്തെ, മുഖ്യമന്ത്രിയും ഗവർണ്ണറും ചേർന്ന് ഇത്തരത്തിലൊരു ഭരണഘടനാ വിരുദ്ധ ഓർഡിനൻസ് വഴി കശാപ്പ് ചെയ്യുന്നത്. പിണറായി വിജയനെ അഴിമതിക്കേസുകളിൽ നിന്ന് രക്ഷപെടുത്താൻ ഗവർണർ ഓർഡിനൻസ് ഒപ്പിടുമ്പോൾ, പ്രത്യുപകാരമായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗത്തെ ഗവർണ്ണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആക്കാൻ സംസ്ഥാന സർക്കാറും തയ്യാറാകുന്നു.
ഘടക കക്ഷിയായ സിപിഐയുടെ അഭിപ്രായത്തെ പോലും ചവറ്റുകുട്ടയിൽ എറിഞ്ഞു കൊണ്ടാണ് സിപിഎം ഓർഡിനൻസ് കൊണ്ടുവന്നത്. നിയമ സംവിധാനങ്ങൾക്ക് മുകളിൽ രാജാവിനെ പോലെ സ്വയം അവരോധിക്കാൻ വ്യാമോഹിക്കുന്ന ഏകാധിപതിയായാൽ , ഇത് ജനാധിപത്യ രാജ്യമാണെന്നും ജനങ്ങളാണ് പരമാധികാരികളെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിണറായി വിജയനെ ബോധ്യപ്പെടുത്തിയിരിക്കും.
https://www.facebook.com/Malayalivartha























