വധ ഗൂഢാലോചന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻ! ദിലീപും കൂട്ടരും ഇന്ന് പതിനൊന്ന് മണിക്ക് ചിത്രാഞ്ജലി ലാബിൽ... സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാൻ പരിശോധന

കഴിഞ്ഞ ദിവസമായിരുന്നു ഒരു മാസത്തെ വാദപ്രതിവാദങ്ങൾക്കിടയിൽ ദിലീപിന് ജാമ്യം ലഭിച്ചത്. വധ ഗൂഢാലോചന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻ നിയമോപദേശം തേടി. മുൻകൂർ ജാമ്യം റദ്ദാക്കണം, കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അപ്പീൽ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് പ്രോസിക്യൂഷൻ വൃത്തങ്ങൾ ഇന്നലെ അറിയിച്ചത്.
അതേസമയം കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ഇന്നാണ്. രാവിലെ പതിനൊന്ന് മണിക്ക് ചിത്രാഞ്ജലി ലാബിലെത്താൻ പ്രതികൾക്ക് നിർദേശം നൽകി. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും ഹാജരാകണമെന്നാണ് ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശം.
സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത്. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
കേസിൽ ഇന്നലെ ദിലീപ് അടക്കമുള്ള പ്രതികൾക്ക് കർശന ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വ്യാജമായി കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇതു കോടതിയിൽ സ്ഥിരീകരിക്കാനായ സാഹചര്യത്തിൽ കേസ് റദ്ദാക്കാനും സാധിക്കുമെന്നാണ് പ്രതികളുടെ കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha
























