കോടതിക്ക് വലുതായിട്ടൊന്നും തെറ്റുപറ്റില്ല! നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് നീതി ലഭിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ സുരേഷ്‌ഗോപി; അന്ന് ആലുവ സബ് ജയിലില്‍ നടന്ന സംഭവം ഇത്

കോടതിക്ക് വലുതായിട്ടൊന്നും തെറ്റുപറ്റില്ലെന്ന് നടന്‍ ദിലീപ് പ്രതിയായ കേസിനെക്കുറിച്ച് സുരേഷ് ഗോപി എംപി. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് നീതി ലഭിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സുരേഷ്‌ഗോപി ഇത്തരത്തിലൊരു മറുപടി നൽകിയത്.
കോടതി പറയട്ടെ എന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. രണ്ട് സഹപ്രവര്‍ത്തകര്‍ വാദി-പ്രതി ഭാഗത്തു നില്‍ക്കുന്ന നടി ആക്രമണ കേസില്‍ സൂപ്പര്‍ സ്റ്റാറുകള്‍ പോലും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ നിലപാടുയര്‍ത്താന്‍ പലരും വിസമ്മതിച്ചു. ഇതിനിടെയാണ് വ്യക്തമായ നിലപാട് പറയാതെ സുരേഷ് ഗോപി ഒഴിഞ്ഞു മാറിയത്.
നേരത്തെ നടി ആക്രമണ കേസിലെ മുഖ്യപ്രതിയായ ദിലീപിന് ആലുവ സബ് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതായി ജയില്‍ ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖയുടെ തുറന്നുപറഞ്ഞിരുന്നു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്തരത്തിലൊരു തുറന്നുപറച്ചിൽ നടത്തിയത്.
നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാള്‍ കൂടിയാണ് ദിലീപ്. ശ്രീലേഖയുടെ തുറന്നുപറച്ചില്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.ജയില്‍ ഡിജിപിയായിരിക്കെ നടി ആക്രമണ കേസിലെ പ്രതി ദിലീപിന് സൗകര്യങ്ങള്‍ ചെയ്തു നല്‍കിയെന്ന് നേരത്തെയും ആര്‍ ശ്രീലേഖയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിവാദം മുന്‍നിര്‍ത്തി അവതാരകന്‍ ചോദ്യമുന്നയിച്ചതോടെയാണ് ശ്രീലേഖയുടെ തുറന്നുപറച്ചില്‍.
അവിടെ കണ്ട കരളലയിക്കുന്ന കാഴ്‌ച്ചയാണ് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു മുന്‍ ജയില്‍ ഡിജിപിയുടെ മറുപടി.ഞാന്‍ അത് (കൂടുതല്‍ സൗകര്യങ്ങള്‍) ചെയ്തു കൊടുത്തിട്ടുണ്ട്. കാരണം ഒരു ദയയുടെ പുറത്ത്, ഒരാളെ ഇത്രയധികം ദ്രോഹിക്കാന്‍ പാടില്ല എന്നതുകൊണ്ട്. ആലുവയില്‍ പോയി നോക്കിയപ്പോള്‍ സബ് ജയിലില്‍ കണ്ട കാഴ്‌ച്ച വളരെ കരളലയിക്കുന്നതായിരുന്നു.
'ഞാന്‍ ജയില്‍ ഡിജിപി ആയിരിക്കെ ദിലീപിനു കൂടുതല്‍ സൗകര്യം ഏര്‍പ്പാടാക്കി എന്ന തരത്തില്‍ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാല്‍ അപവാദം വന്നതിനു ശേഷമാണ് ആലുവ സബ് ജയിലില്‍ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയില്‍ മൂന്നു നാലു ജയില്‍വാസികള്‍ക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ വീണു പോയി.
സ്‌ക്രീനില്‍ കാണുന്നയാളാണോ ഇതെന്നു തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. എനിക്കു പെട്ടെന്നു മനസ്സലിയും. ഞാനയാളെ പിടിച്ചുകൊണ്ടു വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ടു പായയും, ബ്ലാങ്കറ്റും നല്‍കാന്‍ പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരിയാക്കാന്‍ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി. സാധാരണ തടവുകാരനാണെങ്കിലും ഞാന്‍ അതു ചെയ്യും. മൂന്നാംമുറ ഏറ്റ ഒരു കൊലപാതക കേസ് പ്രതിയെ ഇതു പോലെ പരിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
ദിലീപിന് നല്‍കിയത് റിമാന്‍ഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ വ്യക്തമാക്കി. അന്ന് ജയിലില്‍ ദിലീപിന് കമ്പിളി അടക്കം ലഭ്യമാക്കാന്‍ ശ്രീലേഖയായിരുന്നു ഇടപെട്ടത്. ആലുവ സബ് ജയിലില്‍ ദിലീപിന് വിഐപി പരിഗണന ലഭിച്ചു എന്ന ആക്ഷേപമാണ് അക്കാലത്ത് ഉയര്‍ന്നിരുന്നത്. പ്രത്യേക ഭക്ഷണം ലഭിച്ചിരുന്നു എന്നും കുളിക്കാനും മറ്റും ഇതര തടവുകാര്‍ക്കില്ലാത്ത സൗകര്യം ദിലീപിന് കിട്ടി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എല്ലാ തടവുകാര്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്‍ ദിലീപിനെ അയച്ചിരുന്നില്ല. അവര്‍ തിരിച്ചെത്തിയ ശേഷം ദിലീപിനെ മാത്രം ഭക്ഷണം കഴിക്കാന്‍ വിട്ടു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























