ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം

വേനൽ മഴയിലും ഇടി മിന്നലിനും ആലിപ്പഴ വീഴ്ച ഉണ്ടായി. കൊല്ലത്താണ് സംഭവം. മണ്ണൂർ തുടയന്നൂർ പുത്താറ്റ്, വയലാ, കാട്ടാമ്പള്ളി മേഖലകളിലാണ് ആലിപ്പഴ വീഴ്ച ഉണ്ടായത്. വലിയ ശബ്ദത്തോടെ വൈകിട്ട് ആലിപ്പഴം വീഴുകയായിരുന്നു . വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി. മണ്ണൂർ കാർഷിക സഹകരണ സംഘം കെട്ടിടത്തിനും ചെറിയ കേടുപാടുണ്ടായി. ചണ്ണപ്പട്ട മേഖലയിലും കനത്ത വേനൽ മഴയ്ക്കൊപ്പം ഏറെനേരം ആലിപ്പഴ വർഷവും ഉണ്ടായി. ഉച്ചകഴിഞ്ഞായിരുന്നു ആലിപ്പഴ വർഷവും മഴയും.
അതിനിടെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
30/04/2026 : കണ്ണൂർ, കാസറഗോഡ്.
01/05/2026 : പത്തനംതിട്ട, ഇടുക്കി, വയനാട്.
02/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
https://www.facebook.com/Malayalivartha






















