ഭരണയന്ത്രത്തിന്റെ നവീകരണത്തിലൂടെ മാത്രമേ തങ്ങളുടെ കടമകളും ചുമതലകളും നിർവഹിക്കാൻ ഉദ്യോഗസ്ഥവൃന്ദത്തിന് സാധിക്കുകയുള്ളൂ. അപ്പോഴാണ് അത് ജനപക്ഷമായി മാറുന്നത്; പ്രാദേശിക സർക്കാരുകൾ അടക്കമുള്ള ഭരണസംവിധാനത്തെ നവീകരിക്കാനും കൂടുതൽ ജനപക്ഷമാക്കി മാറ്റാനും രണ്ടാം പിണറായി സർക്കാരിന് സാധിക്കുമ്പോൾ, മലയാളിയുടെ കേരള മോഡലെന്ന കിരീടത്തിൽ ഒരു പൊൻതൂവൽകൂടി ചേർക്കപ്പെടുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

പ്രാദേശിക സർക്കാരുകൾ അടക്കമുള്ള ഭരണസംവിധാനത്തെ നവീകരിക്കാനും കൂടുതൽ ജനപക്ഷമാക്കി മാറ്റാനും രണ്ടാം പിണറായി സർക്കാരിന് സാധിക്കുമ്പോൾ, മലയാളിയുടെ കേരള മോഡലെന്ന കിരീടത്തിൽ ഒരു പൊൻതൂവൽകൂടി ചേർക്കപ്പെടുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഭരണയന്ത്രത്തിന്റെ നവീകരണത്തിലൂടെ മാത്രമേ തങ്ങളുടെ കടമകളും ചുമതലകളും നിർവഹിക്കാൻ ഉദ്യോഗസ്ഥവൃന്ദത്തിന് സാധിക്കുകയുള്ളൂ. അപ്പോഴാണ് അത് ജനപക്ഷമായി മാറുന്നത്. ഐക്യകേരളമുണ്ടായ കാലംമുതൽ നിരവധി സവിശേഷതകൾ പിന്നീട് സ്വീകരിച്ചിട്ടുണ്ട്. അവയെ ഉൾക്കൊള്ളാതെ ഭരണം മുന്നോട്ടു കൊണ്ടു പോകാനാകില്ല. അതത് കാലത്തെ പുതിയ ഘടകങ്ങൾ കൃത്യമായും ഏവയെന്നും അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കണ്ടുപിടിച്ച് മുന്നോട്ടുപോകാനാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം ഭരണപരിഷ്‌കാര കമ്മിറ്റി നിർദേശിച്ചത്.
ഇത്തരത്തിലുള്ള ചിന്തകളും ഭരണസംവിധാനത്തെ പരിഷ്‌കരിക്കാനുള്ള പരിശ്രമങ്ങളും ഇടതുപക്ഷ ഭരണകാലങ്ങളിലെല്ലാം നടന്നിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ ഏകീകൃത തദ്ദേശവകുപ്പ് യാഥാർഥ്യമാക്കുന്നതും ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായാണ്. ഇതിലൂടെ ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്തമായും സേവനങ്ങൾ ലഭ്യമാക്കാനാകും.
അധികാര വികേന്ദ്രീകരണ പ്രക്രിയയെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താനുതകുന്ന രീതിയിലാണ് ഏകീകൃത വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശഭരണ എൻജിനിയറിങ് വിഭാഗം, നഗര-–-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകോപിപ്പിക്കുകയാണ്. ഏകീകൃത വകുപ്പിൽ റൂറൽ, അർബൻ, പ്ലാനിങ്, എൻജിനിയറിങ് എന്നീ നാലു വിഭാഗമാണ് ഉണ്ടാകുക.
റൂറൽ, അർബൻ വിഭാഗങ്ങളുടെ തലവന്മാർ ഐഎഎസ് തസ്‌തികയിലുള്ള ഡയറക്ടർമാരാണ്. പ്ലാനിങ് വിഭാഗത്തിന്റെ തലവൻ ചീഫ് ടൗൺ പ്ലാനറും എൻജിനിയറിങ് വിഭാഗത്തിന്റെ തലവൻ ചീഫ് എൻജിനിയറുമായിരിക്കും. സംസ്ഥാനതലത്തിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റാണ് ഉണ്ടാകുക. ഏകീകൃത വകുപ്പിന്റെ മേധാവി പ്രിൻസിപ്പൽ ഡയറക്ടറായിരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഭരണപരമായ സഹായം എത്തിച്ചുകൊടുക്കുക എന്നതാണ് ഏകീകൃത വകുപ്പിന്റെ പ്രധാനലക്ഷ്യം.
മുപ്പത്തി ഒന്നായിരത്തിലധികം സ്ഥിരം ജീവനക്കാരും ഏഴായിരത്തോളം കണ്ടിൻജന്റ് ജീവനക്കാരുമുള്ള പൊതുസർവീസാണ് നിലവിൽ വരുന്നത്. പ്രാദേശിക സർക്കാരുകളുടെ സേവനപ്രദാന പ്രവർത്തനങ്ങൾക്കനുസൃതമായി ജീവനക്കാരെ പുനഃക്രമീകരിക്കാനും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ജോലിഭാരം ലഘൂകരിക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാകും.
ജീവനക്കാരെ കൂടുതൽ ഫലപ്രദമായി വിന്യസിപ്പിച്ച് ചുമതലകളും ഉത്തരവാദിത്വങ്ങളും കാര്യക്ഷമമായി നിർവഹിക്കുന്നതിന് ആവശ്യമായ മനുഷ്യവിഭവശേഷി കണ്ടെത്തുന്നതിന് പൊതുസർവീസിലൂടെ സാധിക്കും. ജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന പ്രാദേശിക സർക്കാരുകൾക്ക് മുന്നിൽ സേവനങ്ങൾക്കുവേണ്ടി സമീപിക്കുമ്പോൾ ചുവപ്പുനാടകളും ഉദ്യോഗസ്ഥതട്ടുകളും തടസ്സമാകരുത്. ഏകീകൃത വകുപ്പിൽ ഫയലുകളിൽ തീരുമാനം കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥതലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അതിനാൽ വേഗത്തിൽ തീരുമാനങ്ങളുണ്ടാകും.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ജില്ലാ, -ബ്ലോക്ക്,- ഗ്രാമ പഞ്ചായത്തുകൾക്കിടയിലും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും യോജിച്ചുകൊണ്ടുള്ള പ്രവർത്തനം ആവശ്യമാണ്. ഏകീകൃത വകുപ്പ് നിലവിൽ വരുന്നതോടെ ഇത് നടപ്പാകും. പ്രാദേശിക ആസൂത്രണ പ്രവർത്തനങ്ങളുടെ ഏകോപനവും ഉണ്ടാകും. ഓരോ ജില്ലയുടെയും മൊത്തത്തിലുള്ള ആസൂത്രണത്തിനും സഹായകമാകും. പ്രാദേശികഭരണ നിർവഹണത്തിലും വികസന ഭരണത്തിലും സർക്കാരിന്റെ പൊതുകാഴ്ചപ്പാടനുസരിച്ച് മാറ്റങ്ങളുണ്ടാക്കാൻ പൊതുസർവീസിലൂടെ കഴിയും.
അതുവഴി ആസൂത്രണപ്രക്രിയ മാത്രമല്ല, വിവിധ സേവനപ്രദാന പ്രവർത്തനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട നിയമപരവും അനിവാര്യവുമായ ഉത്തരവാദിത്വങ്ങളും ഏകീകൃത സ്വഭാവത്തോടെയും നിലവാരമുറപ്പുവരുത്തിയും നടപ്പാക്കാനാകും. വിവിധ കേന്ദ്രാവിഷ്‌കൃത- –- സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ ഫലപ്രദമായി പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് വികസന നേട്ടമുണ്ടാക്കാൻ വഴിയൊരുക്കും.
ഏകീകൃത വകുപ്പിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ പൊതുവായ വകുപ്പ് അധ്യക്ഷനും ജില്ലാതലത്തിൽ മേധാവിയും നിലവിൽ വരുന്നതോടെ ജില്ലാ ആസൂത്രണസമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. ജില്ലാ പദ്ധതിയും സംസ്ഥാന പദ്ധതിയും പരസ്പര പൂരകത്വം ഉറപ്പാക്കാനുമാകും. എൻജിനിയറിങ്, നഗര-ഗ്രാമാസൂത്രണം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സേവനം വിവിധ തദ്ദേശസ്ഥാപനങ്ങൾക്കും ജില്ലാ ആസൂത്രണ സമിതികൾക്കും മെച്ചപ്പെട്ട നിലയിൽ ലഭ്യമാകും.
ഇത്തരം ജീവനക്കാരുടെ ജനാധിപത്യപരമായ കടപ്പാടും ഉത്തരവാദിത്വവും തദ്ദേശസ്ഥാപനങ്ങളിലെ കൗൺസിലുകൾക്ക് ഉറപ്പാക്കാനുമാകും. ഇതിന്റെയൊക്കെ ഗുണഫലം ലഭിക്കുന്നത് നാട്ടിലെ ജനങ്ങൾക്കാകുമ്പോൾ ഇടതുപക്ഷ ബദലിന്റെ പ്രസക്തി വർധിക്കുന്നു. കേരളത്തിന്റെ സമഗ്രമായ വികസനക്കുതിപ്പിന് കരുത്തേകാൻ ഉതകുന്നതും ജനകീയവും സേവനപ്രദാനവുമായ സർവീസ് ഉറപ്പുവരുത്തുന്നതുമായ ചരിത്രപരമായ കാൽവയ്‌പാണ് ഏകീകൃത വകുപ്പിന്റെ രൂപീകരണം.
പ്രാദേശിക സർക്കാരുകൾ അടക്കമുള്ള ഭരണസംവിധാനത്തെ നവീകരിക്കാനും കൂടുതൽ ജനപക്ഷമാക്കി മാറ്റാനും രണ്ടാം പിണറായി സർക്കാരിന് സാധിക്കുമ്പോൾ, മലയാളിയുടെ കേരള മോഡലെന്ന കിരീടത്തിൽ ഒരു പൊൻതൂവൽകൂടി ചേർക്കപ്പെടുകയാണ്.
https://www.facebook.com/Malayalivartha

























