പ്രതി രാജ്യംവിട്ടു... ടാറ്റു ലൈംഗികാതിക്രമത്തിന് പിന്നാലെ കല്യാണത്തിനും അതിക്രമം കാട്ടിയെന്ന് പരാതി; വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് 3 യുവതികള്‍ പരാതിപ്പെട്ടു; വൈറ്റില ചളിക്കവട്ടത്തെ സലൂണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്ഥാപനത്തിനെതിരെ കൂട്ട പരാതി

ടാറ്റു വിവാദം ഏതാണ്ട് അവസാനിച്ച സമയത്താണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു പരാതി ഉയര്‍ന്ന് വരുന്നത്. കല്യാണ സമയത്തുള്ള മേക്കപ്പിന് വിളിച്ചപ്പോള്‍ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ലൈംഗിക പീഡന ആരോപണങ്ങളെത്തുടര്‍ന്നു കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നു 3 യുവതികള്‍ ഇ മെയില്‍ മുഖേന ഇന്നലെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു.
വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനത്തിന്റെ ഉടമ അനീസ് അന്‍സാരിക്ക് എതിരെയാണു പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഒരാഴ്ച മുന്‍പു സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്.സുജീഷിനെതിരായ മീടൂ പരാതികള്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അനീസിനെതിരെയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നത്.
വിവാഹ മേക്കപ്പിനായി പ്രതിയുടെ സലൂണില്‍ എത്തിയ ഒരു യുവതി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി കുറിപ്പിട്ടു. ഇതിനു പിന്നാലെ കൂടുതല്‍ പേര്‍ രംഗത്തെത്തി. ആദ്യം പരാതി നല്‍കിയ യുവതി മറ്റു യുവതികളുടെ ദുരനുഭവങ്ങള്‍ സമാഹരിച്ചു സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ ഇവ വീണ്ടും പോസ്റ്റ് ചെയ്തു. ഇതു സംബന്ധിച്ചു വിവരം ലഭിച്ച പൊലീസും പ്രാഥമികാന്വേഷണം ആരംഭിച്ചെങ്കിലും ആരും പരാതി നല്‍കാന്‍ മുന്നോട്ടു വരാത്തതിനാല്‍ കേസെടുത്തിരുന്നില്ല.
ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണു യുവതികളുടെ പരാതി. 2019ല്‍ വിവാഹ മേക്കപ്പിനു ബുക്ക് ചെയ്ത താന്‍ ട്രയല്‍ മേക്കപ്പിനായി വിവാഹത്തിന് ഒരാഴ്ച മുന്‍പു സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ അനീസ് വസ്ത്രം അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണ് ആദ്യം അനുഭവം പങ്കുവച്ച യുവതിയുടെ പരാതി. ഇതോടെ മേക്കപ് ചെയ്യുന്നതു നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും ബുക്കിങ് റദ്ദാക്കിയെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
വിവാഹദിനത്തില്‍ നേരിട്ട ദുരനുഭവം കടുത്ത മാനസികപ്രശ്‌നങ്ങള്‍ക്കു കാരണമായെന്ന് ഒട്ടേറെ യുവതികള്‍ തുടര്‍ന്നു വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമ ആരോപണങ്ങള്‍ ഉയര്‍ന്നതിനു തൊട്ടുപിന്നാലെ അനീസ് അന്‍സാരി രാജ്യം വിട്ടെന്നു പൊലീസ് പറയുന്നു. പ്രതി ദുബായിലുണ്ടെന്നാണു നിഗമനം. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ കൊടുക്കാനൊരുങ്ങുകയാണു പൊലീസ്.
അതേസമയം, ടാറ്റൂ പീഡനക്കേസ് പ്രതി പി.എസ്.സുജീഷിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു. തെളിവെടുപ്പു പൂര്‍ത്തിയായതായി പൊലീസ് പറഞ്ഞു. ചേരാനെല്ലൂര്‍ സ്‌റ്റേഷനില്‍ പ്രതിക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ബലാത്സംഗക്കേസിലെ അതിജീവിതകളുടെ വൈദ്യപരിശോധനയും ഇന്നലെ നടത്തി.
ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം പ്രതികരിച്ചത്. തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് പലര്‍ക്കും ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. തന്റെ കാലില്‍ സുജീഷ് ടാറ്റൂ ചെയ്യുന്ന വീഡിയോ താരം അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണ് കേട്ടത്. ഇത് വിശ്വസിക്കാന്‍ കുറച്ച് സമയം വേണ്ടി വന്നു. സുജീഷില്‍ നിന്നും ഒരു മോശം അനുഭവം തനിക്കുണ്ടായിട്ടില്ല. വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് ഞെട്ടല്‍ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























