ക്ഷേത്രോത്സവത്തിനിടെ കുത്തേറ്റ യുവമോര്‍ച്ച നേതാവ് ചികിത്സയിലിരിക്കെ മരിച്ചു; പിന്നില്‍ സിപിഎം എന്ന് ബിജെപി

പഴമ്പാലക്കോട് വടക്കേപ്പാവടിയില്‍ ക്ഷേത്രോത്സവത്തിനിടെ കുത്തേറ്റ യുവമോര്‍ച്ച നേതാവ് ചികിത്സയിലിരിക്കെ മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും വടക്കഞ്ചേരി യമഹാ ഷോറൂം ജീവനക്കാരനുമായ അരുണ്‍കുമാറാണു മരിച്ചത്. 28 വയസായിരുന്നു. പഴമ്പാലക്കോട് സുബ്രഹ്‌മണ്യന്റെയും വാസന്തിയുടെയും മകനാണ് മരിച്ച അരുണ്‍കുമാര്‍.പിന്നില്‍ സിപിഎം എന്ന് ബിജെപി ആരോപിച്ചു . സംഭവത്തിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരിയിൽ ബിജെപിയുടെ പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ രണ്ടാം തിയതി വൈകുന്നേരം ആറുമണിക്ക് പഴമ്പാലക്കോട് മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജയോടനുബന്ധിച്ച് കുംഭം ഒഴുക്കാന്‍ ഗായത്രിപ്പുഴയിലേക്ക് പോകുന്നതിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെങ്കിലും. പൊലീസ് അവിടെ ലാത്തി വീശി എല്ലാവരെയും ഓടിച്ചു. ഇതിനുശേഷം ഒരു സംഘം ആള്‍ക്കാര്‍ വടക്കേപാവടിയിലെ പി.എസ്.സി. പഠന കേന്ദ്രം തകര്‍ത്തതോടെ അരുണ്‍കുമാറിന്റെ വീടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തുവച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായി.
അരുണ്‍ കുമാറിനെയും കൂട്ടുകാരായ ഗോകുല്‍, കൃഷ്ണകുമാര്‍, കൃഷ്ണന്‍, സന്തോഷ്, വിഷ്ണു എന്നിവരെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആള്‍ക്കാര്‍ ആക്രമിക്കുകയായിരുന്നു. അരുണ്‍കുമാറിന്റെ നെഞ്ചിലാണു കുത്തേറ്റത്. ഇന്നലെ വൈകിട്ടാണു മരിച്ചത്. അരുണ്‍കുമാറിന്റെ മാതാവ് വാസന്തി. സഹോദരങ്ങള്‍: ഹരിദാസ്, രമേഷ്. മൃതദേഹം നെന്മാറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്നു രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി കൊണ്ടുവന്ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha

























