ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന തെരച്ചിൽ; മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വീണ ലോറിയിലെ ഡ്രൈവറെ കണ്ടെത്താനായില്ല; ഡ്രൈവർക്കായി ശനിയാഴ്ച പകലും തിരച്ചിൽ തുടരും; ലോറി ഉയർത്താൻ ശ്രമിച്ച ക്രെയിൻ ചരിഞ്ഞതോടെ തിരച്ചിൽ അവസാനിപ്പിച്ച് അഗ്നിരക്ഷാ സേന

മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വെള്ളിയാഴ്ച രാത്രിയിൽ മറിഞ്ഞ ടിപ്പർ ലോറിയിലെ ഡ്രൈവർക്കായി കുളത്തിൽ തിരച്ചിൽ തുടരുന്നു. നൂറ് അടിയോളം ആഴമുള്ള പാറമടക്കുളത്തിൽ ഇരുപത് അടിയിലേറെ ആഴത്തിലാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘമാണ് രാത്രി മുതൽ പ്രദേശത്ത് തിരച്ചിൽ നടത്തിയത്.
എന്നാൽ, ലോറി കണ്ടെത്തിയെങ്കിലും, ലോറിയ്ക്കുള്ളിലുണ്ടായിരുന്ന ഡ്രൈവർ തിരുവനന്തപുരം കരുമാനൂർ പാറശാല എസ്.എസ് ഭവനിൽ ബി.അജികുമാറിനെ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയ ശേഷം ഡ്രൈവർക്കായി തിരച്ചിൽ നടത്താൻ ശ്രമം നടത്തിയെങ്കിലും, ക്രെയിൻ ചരിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേയ്ക്ക് ലോറി മറിഞ്ഞത്. മറിയപ്പള്ളിയിലെ വളം ഡിപ്പോയിൽ നിന്നുള്ള ലോഡുമായി ചേപ്പാടേയ്ക്കു പോകുകയായിരുന്നു ലോറി. തിരുവനന്തപുരം സ്വദേശിയായ അജികുമാറിന്റെ ഉടമസ്ഥതയിലുള്ള ലോറി ഇദ്ദേഹം തന്നെയാണ് ഓടിച്ചിരുന്നതും.
പാറമടക്കുളത്തിനു സമീപം തന്നെയുള്ള വളം ഡിപ്പോയിൽ നിന്നും വളവുമായി കയറിയെത്തിയ ലോറി, നിയന്ത്രണം നഷ്ടമായി പാറമടക്കുളത്തിലേയ്ക്കു മറിയുകയായിരുന്നു. വിവരം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ, ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയും, ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി.
തുടർന്ന്, തിരച്ചിൽ ആരംഭിക്കുയായിരുന്നു. നൂറ് അടിയോളം ആഴമുള്ള പാറമടക്കുളത്തിൽ പൂർണമായും ചെളിയും വെള്ളവും നിറഞ്ഞ് കിടക്കുകയായിരുന്നു. ഇതിലേയ്ക്കു വീണ ലോറി പൂർണമായും മുങ്ങിപ്പോകുകയും ചെയ്തിരുന്നു. രാത്രി 12 മണിയോടെയാണ് അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ലോറി എത്ര ആഴത്തിലാണ് കിടക്കുന്നതെന്നു കണ്ടെത്താൻ സാധിച്ചത്. സ്‌കൂബാ മുങ്ങൽ വിദഗ്ധരുടെ സംഘമാണ് സ്ഥലത്ത് എത്തി വെള്ളത്തിൽ മുങ്ങി ലോറി കിടക്കുന്നത് കണ്ടെത്തിയത്.
തുടർന്ന്, ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ക്രെയിൻ സ്ഥലത്ത് വിളിച്ചു വരുത്തുകയും ചെയ്തു. ഈ ക്രെയിൻ ഉപയോഗിച്ച് ആദ്യം ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ക്രെയിൻ ചരിഞ്ഞതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് വെള്ളത്തിൽ അൽപ നേരം കൂടി തിരച്ചിൽ നടത്തിയ ശേഷം പുലർച്ചെ രണ്ടു മണിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ വീണ്ടും തിരച്ചിൽ തുടരുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കൊച്ചിയിൽ നിന്നും വലിയ ക്രെയിൻ കൊണ്ടു വരുന്നതിനാണ് ആലോചിക്കുന്നത്. പാറമടകുളത്തിൽ വീണ ലോറിയിൽ പത്തു ടണ്ണോളം വളം ഉണ്ട്. ഇത് കൂടാതെ മൂന്ന് ടണ്ണോളം ലോറിയ്ക്കും ഭാരമുണ്ട്. ഈ സാഹചര്യത്തിൽ ലോറി ഉയർത്തുക എന്നത് ഏറെ ശ്രകരമായ ജോലിയായി മാറും.
https://www.facebook.com/Malayalivartha

























