റഷ്യ കടുംകൈ ചെയ്യുമോ... റഷ്യന്‍ നിയന്ത്രണത്തിലുള്ള ബെര്‍ദ്യാന്‍സ്‌ക് തുറമുഖത്ത് റഷ്യന്‍ കപ്പലുകള്‍ തകര്‍ത്ത് യുക്രെയ്ന്‍ സേന; സ്‌ഫോടനത്തില്‍ ഓര്‍സ്‌ക് പൂര്‍ണമായും നശിച്ചു; കനത്ത പ്രഹരം ഏറ്റുവാങ്ങിയ റഷ്യ തന്ത്രം മാറ്റുന്നു; പ്രകോപിപ്പിച്ചാല്‍ ആണവായുധം പ്രയോഗിക്കും

വളരെ പെട്ടെന്ന് യുക്രെയിനെ കീഴടക്കാമെന്നായിരുന്നു റഷ്യയുടെ മോഹം. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും യുക്രെയിന് കുലുക്കമില്ല. അതേസമയം റഷ്യയ്ക്ക് വലിയ നഷ്ടങ്ങളാണ് സംഭവിക്കുന്നത്. മരിയുപോളിനു സമീപം റഷ്യന്‍ നിയന്ത്രണത്തിലുള്ള ബെര്‍ദ്യാന്‍സ്‌ക് തുറമുഖത്ത് റഷ്യന്‍ കപ്പലുകള്‍ യുക്രെയ്ന്‍ സേന തകര്‍ത്തു. യുക്രെയ്ന്‍ സൈന്യം പങ്കുവച്ച വിഡിയോയില്‍ തുറമുഖത്ത് കിടക്കുന്ന റഷ്യന്‍ യുദ്ധക്കപ്പലായ ഓര്‍സ്‌ക് കത്തിയമരുന്ന ദൃശ്യങ്ങള്‍ കാണാം.
സമീപമുള്ള രണ്ടു കപ്പലുകള്‍ക്കും കേടുപാടുണ്ട്. സൈന്യത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്ന തുറമുഖമാണ് ബെര്‍ദ്യാന്‍സ്‌ക്. ഓര്‍സ്‌ക് കപ്പല്‍ തുറമുഖത്തെത്തി നങ്കൂരമിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ ടിവി ചാനലുകള്‍ വലിയ നേട്ടമായി അവതരിപ്പിച്ചിരുന്നു. സ്‌ഫോടനത്തില്‍ ഓര്‍സ്‌ക് പൂര്‍ണമായും നശിച്ചു.
തുറമുഖത്തെ മറ്റു കപ്പലുകളുടെ നാശനഷ്ടം എത്രയെന്നു വ്യക്തമല്ല. നാറ്റോ കൂടുതല്‍ സൈനികസഹായം നല്‍കണമെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. പോരാടുന്നതു മുഴുവന്‍ യൂറോപ്പിനും വേണ്ടിയാണെന്നു പറഞ്ഞ സെലെന്‍സ്‌കി, യുക്രെയ്‌നിനു യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ അംഗത്വം നല്‍കണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു വിഡിയോയില്‍ ജീവന്‍ നഷ്ടമാകും മുന്‍പ് റഷ്യക്കാരോടു യുക്രെയ്ന്‍ വിട്ടുപോകാന്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു.
അതേ സമയം, നാറ്റോ പ്രകോപിപ്പിച്ചാല്‍ ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നു ഐക്യരാഷ്ട്രസംഘടനയിലെ റഷ്യന്‍ ഡപ്യൂട്ടി അംബാസഡര്‍ ദിമിത്രി പോള്യാന്‍സ്‌കി പറഞ്ഞു.
മരിയുപോളില്‍ നിന്ന് റഷ്യന്‍സേന പിടിച്ചുകൊണ്ടുപോയത് 15,000 പേരെയാണെന്ന് യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു. ഇവരെ റഷ്യയില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളില്‍ പാര്‍പ്പിച്ച് നിര്‍ബന്ധിത ജോലിക്കു നിയോഗിക്കുമെന്ന് ആശങ്കയുള്ളതായി യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡും പറഞ്ഞിരുന്നു.
റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഡേറ്റ ഹാക്ക് ചെയ്‌തെന്ന് അവകാശപ്പെട്ട ഹാക്കര്‍ ഗ്രൂപ്പ് അനോണിമസ്, രഹസ്യരേഖകള്‍ ഉള്‍പ്പെടെ ബാങ്കില്‍ നിന്നുള്ള 35,000 ഫയലുകള്‍ 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ചു.
മോസ്‌കോയിലെ പ്ലാന്റില്‍ കാറുല്‍പാദനം അവസാനിപ്പിക്കുമെന്നു ഫ്രഞ്ച് കമ്പനിയായ റെനോ അറിയിച്ചു. കഴിഞ്ഞ ദിവസം മോസ്‌കോ പ്ലാന്റില്‍ ഉല്‍പാദനം തുടരുമെന്ന് കമ്പനി പ്രഖ്യാപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.
കരിങ്കടലിലെ ദ്വീപില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട റഷ്യന്‍ സൈന്യത്തോട് 'പോയി തുലയാന്‍' മറുപടി പറഞ്ഞ് വൈറലായ സൈനികര്‍ യുക്രെയ്‌നില്‍ തിരികെയെത്തി. റഷ്യയുദ്ധത്തടവുകാരായി കൊണ്ടുപോയ ഇവരെ 10 റഷ്യന്‍ യുദ്ധത്തടവുകാര്‍ക്കു പകരമായാണ് കൈമാറിയത്.
റഷ്യയുടെ ആണവ, രാസായുധ പ്രയോഗത്തില്‍ നിന്ന് അംഗരാജ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം ഒരുക്കിയതായി നാറ്റോ. ഇന്നലെ നടന്ന നാറ്റോ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്കു ശേഷം സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ജൈവ, രാസായുധങ്ങളില്‍ നിന്നു രക്ഷ നേടാന്‍ യുക്രെയ്ന്‍ ജനതയ്ക്കു സുരക്ഷാ കിറ്റ് നല്‍കും. ടാങ്ക്‌വേധ, വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും നല്‍കും. പ്രതിരോധം ശക്തമാക്കുന്നതിനായി നാറ്റോ പ്രതികരണസേനയിലെ 40,000 സൈനികരെ വിന്യസിച്ചുകഴിഞ്ഞു. ബള്‍ഗേറിയ, ഹംഗറി, റുമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലും സേനയെ വിന്യസിക്കും. യുക്രെയ്‌നില്‍ റഷ്യ ആണവ, രാസായുധ പ്രയോഗം നടത്താനുള്ള സാധ്യത പരിഗണിച്ചാണു പുതിയ നടപടികള്‍ എന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബര്‍ഗ് പറഞ്ഞു.
https://www.facebook.com/Malayalivartha