പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നും പ്രവര്‍ത്തിച്ച അച്ചടക്കമുള്ള നേതാവായിരുന്നു തലേക്കുന്നില്‍ ബഷീര്‍; കോണ്‍ഗ്രസിനെ ജീവവായു പോലെ കൊണ്ടു നടന്ന അദ്ദേഹം മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കിയത്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നും പ്രവര്‍ത്തിച്ച അച്ചടക്കമുള്ള നേതാവായിരുന്നു തലേക്കുന്നില്‍ ബഷീര്‍. കോണ്‍ഗ്രസിനെ ജീവവായു പോലെ കൊണ്ടു നടന്ന അദ്ദേഹം മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കിയത്.
മികച്ച പ്രാസംഗികന്‍ കൂടിയായ അദ്ദേഹം കെ.എസ്.യു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്ന് വന്നത്. പൂര്‍ണ്ണ വിശ്രമജീവിതം നയിച്ചിരുന്ന തലേക്കുന്നില്‍ ബഷീറിനെ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം താന്‍ സന്ദര്‍ശിച്ചിരുന്നു. അസുഖം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളര്‍ത്തുമ്പോഴും രാഷ്ട്രീയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ മനസിനെ ചെറുപ്പമാക്കി.
സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ആവേശത്തോടെ ഏറെ നേരം ഞാനുമായി അന്ന് അദ്ദേഹം പങ്കുവെച്ചത് ഈ അവസരത്തില്‍ വേദനയോടെ ഓര്‍ക്കുന്നു. സമ്പന്നതയുടെ നടുവില്‍ ജനിച്ച അദ്ദേഹം അതില്‍ നിന്നും നല്ലൊരു പങ്ക് പൊതുപ്രവര്‍ത്തനത്തിനായി ചെലവൊഴിച്ചു.
നിയമസഭ, ലോക്‌സഭ,രാജ്യസഭ എന്നീ മൂന്ന് സഭകളിലും അംഗമാകാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹം മികച്ച ജനപ്രതിനിധി കൂടിയായിരുന്നു. കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ഉള്‍പ്പെടെ ഏറ്റെടുത്ത പദവികള്‍ തികഞ്ഞ ഉത്തരവാദിത്തോടെ നിര്‍വഹിച്ചു. തലേക്കുന്നില്‍ ബഷീറിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























