കോളേജ് വിദ്യാർഥിനികളുടെ ടൂർ ബസിൽ ഗ്രീൻ കേരള ഗുണ്ടകളുടെ അഴിഞ്ഞാട്ടം.. വിനോദയാത്രക്കിടെ വിദ്യാര്‍ഥികളോടും അധ്യാപകരോടും പോക്രിത്തരം കാണിച്ച് ടൂറിസ്റ്റ് ബസ് ജീവനക്കാർ! എടുത്ത് പഞ്ഞിക്കിട്ടു.. ഇരുട്ടിൽ തപ്പി പോലീസും ഒളിച്ചു കളിക്കുന്നു

ജീവിതത്തിൽ ഓർമ്മിക്കാൻ ഒരു പിടി നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നത് കലാലയ ജീവിതമാണ്. അതിൽ സൗഹൃദത്തിന്റേയും യാത്രകളുടേയും കഥകളുണ്ടാവും. അതിൽ ഏറ്റവും കൂടുതൽ നല്ല മുഹൂർത്തങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്നത് വിനോദ യാത്രയാണ്. കൊവിഡ് മറ്റ് പ്രതിസന്ധിയും കാരണം ഇക്കഴിഞ്ഞ രണ്ട് വർഷമാണ് കുട്ടികൾ നേരിൽ കാണുവാനോ അല്ലെങ്കിൽ ഒത്തുചേരുവാനോ ഒരു അവസരം ലഭിക്കാറില്ല...
അതുകൊണ്ട് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചപ്പോൾ ഉല്ലാസയാത്രയായിരുന്നു ഏറെ പ്രതീക്ഷകളോടെ കുട്ടികൾ സമീപിച്ചത്. പക്ഷേ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല. സുരക്ഷിതമായ കൊണ്ടുപോയി തിരികെയെത്തിക്കേണ്ട ബസ് ജീവനക്കാർ ഗുണ്ടകളെ പോലെ പ്രതികരിക്കുമ്പോൾ നിസ്സഹായരായിരുന്നു കുട്ടികളും അധ്യാപകരും. വിനോദയാത്ര പോയ വിദ്യാർഥിനികളും അധ്യാപികമാരും അടങ്ങുന്ന സംഘത്തിനാണ് ബസ് ജീവനക്കാരിൽ നിന്നു മാനസിക പീഡനം ഉൾപ്പെടെയുള്ള ക്രൂരത നേരിടേണ്ടി വന്നത്.
ടൂറിനിടെ കോളജ് വിദ്യാര്‍ഥികളോടും അധ്യാപകരോടും അപമര്യാദയായി പെരുമാറിയ കേസില്‍ ടൂറിസ്റ്റ് ബസ് ജീവനക്കാരായ അഞ്ച് പേരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തത്. നായരമ്പലം സ്വദേശിയായ നിതീഷ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി അനൂപ്, കാലടി സ്വദേശികളായ റിജോ, പ്രവിണ്‍, അങ്കമാലി സ്വദേശിയായ ബേസില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുട്ടികളും അധ്യാപകരും ഉയർത്തിയട്ടുള്ളത്.
നിര്‍മ്മല കോളജില്‍ നിന്ന് കര്‍ണ്ണാടകയിലെ ദന്തേലി, മാല്‍പേ എന്നിവടങ്ങളിൽ വിനോദയാത്ര പോയ പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘത്തിനാണ് ദുരാവസ്ഥ നേരിടേണ്ടിവന്നത്. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ദുരവസ്ഥ നേരിട്ട അധ്യാപികയുടെ പരാതിയേ തുടര്‍ന്നാണ് ബസിലുണ്ടായിരുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് 30 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും മൂന്ന് അധ്യാപകരും അടക്കമുള്ള സംഘമാണ് കൂര്‍ഗിലേക്ക് യാത്ര തിരിച്ചത്.
അങ്കമാലി ആസ്ഥാനമായുള്ള ഗ്രീന്‍ കേരള എന്ന ടൂര്‍ കമ്പനി സജ്ജീകരിച്ച വാഹനത്തിന്‍റെ ചുമതലക്കാരായി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണുണ്ടായിരുന്നത്. ഇവര്‍ യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ക്യാബിനിലിരുന്ന് പരസ്യമായി മദ്യപിക്കുകയും പുകവലിക്കുകയും വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി അധ്യാപിക വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടര ലക്ഷത്തോളം രൂപ നല്‍കി ഭക്ഷണവും താമസവും അടക്കമുള്ള ടൂര്‍ പാക്കേജാണ് ഉറപ്പ് നല്‍കിയതെങ്കിലും ഇവ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല ഭക്ഷ്യവിഷബാധമൂലം നിരവധി വിദ്യാര്‍ഥികള്‍ ശര്‍ദ്ദിക്കുക വരെ ചെയ്തു. അതുകൂടാതെ വൃത്തിഹീനമായ ശുചിമുറിയില്‍ പോകാന്‍ വിദ്യാര്‍ഥിനികള്‍ വിസമ്മതിച്ചപ്പോള്‍ വിജനമായ വനമേഖലയിൽ വാഹനം നിറുത്തി പറമ്പില്‍ പോകാന്‍ ബസ് ജീവനക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയു.
ഇത് ചോദ്യം ചെയ്ത ആണ്‍കുട്ടികളെ തല്ലാനോങ്ങുകയും ശര്‍ദ്ദില്‍ മൂലം താഴെയിറങ്ങിയ പെണ്‍കുട്ടികളെ കയറ്റാതെ വാഹനം പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവവുമുണ്ടായി. അത്തരം തെമ്മാടിത്തരമാണ് ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായി എന്നുള്ള ആരോപണമാണ് വിദ്യാർത്ഥികൾ ഉയർത്തിയിരിക്കുന്നത്. ഗുണ്ടകളെ പോലെ പ്രവർത്തിക്കുന്ന ബസ് ഓപ്പറേറ്റർമാർ നമ്മുടെ സമൂഹത്തിലുള്ളപ്പോൾ നമ്മുടെ കുട്ടികളെ എങ്ങനെയാണ് വിശ്വസിച്ച് ദൂരയാത്രയ്ക്ക് പറഞ്ഞ് വിടാൻ സാധിക്കുന്നത്.
ഞായറാഴ്ച രാവിലെ 11ന് കോളജിലെത്തേണ്ടിയിരുന്ന വാഹനം കാത്ത് രക്ഷകര്‍ത്താക്കളും അധ്യാപകരും മണിക്കൂറുകളാണ് കാത്തുനില്‍ക്കേണ്ടി വന്നത്. വാഹനം രാത്രി ഒമ്പതോടെയാണ് കോളജില്‍ തിരികെയെത്തിയത്. കാര്യം തിരക്കിയപ്പോഴാണ് ബസ് പലതവണ നിറുത്തിയിട്ട് ജീവനക്കാര്‍ കിടന്നുറങ്ങിയതായും പുകവലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി മണിക്കൂറുകള്‍ ചെലവഴിച്ച വിവരം അറിഞ്ഞത്. ഇതൊക്കൊ കൂടാതെ തിരികെ വരും വഴി അധികമായി കാശും ആവശ്യപ്പെട്ടു. 18,000 രൂപ നല്‍കിയില്ലെങ്കില്‍ ബസ് മാഹിയില്‍ എത്തുമ്പോള്‍ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് രക്ഷിതാക്കളെ വിളിച്ച് ഓൺലൈൻ ട്രാൻസ്ഫറിലൂടെ പണം കൈമാറുകയായിരുന്നു. ഇതിനിടെ പലവട്ടം ബസ് നിർത്തിയിട്ട് ജീവനക്കാർ കിടന്നുറങ്ങുകയും ചെയ്തു. കൊടുംചൂടിൽ വിദ്യാർഥികൾ ആകെ വലയുകയാണ് ചെയ്തത്. പണം കൊടുത്തില്ലായെങ്കിൽ വീട്ടിൽ പോലും അവർ എത്തിക്കില്ലായിരുന്നു എന്നാണ് പല വിദ്യാർത്ഥികളും വ്യക്തമാക്കിയത്. രാത്രി ബസ് എത്തിയപ്പോള്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും വിദ്യാര്‍ഥികളും അടക്കം മുന്നൂറോളം പേര്‍ തടിച്ചുകൂടിയിരുന്നു. സംഭവത്തേ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി.
രാത്രി തന്നെ അധ്യാപികയുടെ പരാതിയില്‍ ബസില്‍ ഉണ്ടായിരുന്ന കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സന്‍റെയും മറ്റൊരു വിദ്യാര്‍ഥിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഇതിനിടെ ആരോ ബസിന് കല്ലെറിഞ്ഞതായി കാണിച്ച് ഇന്നലെ ടൂര്‍ ഓപ്പറേറ്റര്‍ പോലീസില്‍ പരാതിയും നല്‍കി. അവരുടെ ആരോപണത്തിൽ കുട്ടികൾ കല്ലെറിഞ്ഞു എന്നാണ് വാദിക്കുന്നത്. എന്നാൽ കുട്ടികൾ ഇത് വെറും കള്ളക്കേസാണെന്നാണ് പറയുന്നത്.
ബസിൽ ഉണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴി എടുത്ത ശേഷം 5 ജീവനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം ഇവരെ പൊലീസ് സ്റ്റേഷനിൽ നിന്നു മോചിപ്പിക്കാൻ വൻസംഘം സ്റ്റേഷനിലെത്തി. ഗൗരവമില്ലാത്ത വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതെന്നു പരാതി ഉയർന്നിട്ടുണ്ട്. എല്ലാവരെയും പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു.
ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ മലയാളി വാർത്ത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോളഴ്‍ പോലീസും ഇരുട്ടിൽ തപ്പുകയാണ് ചെയ്തതെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. പത്രമാധമങ്ങൾ പേര് വന്നിട്ടു പോലും ടൂർ ഏജൻസിയുടെ പേര് വിവരങ്ങൾ പങ്കുവയ്ക്കാൻ പോലീസും തയ്യാറായില്ല. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഓൺലൈനായി എഫ്ഐആറിൽ കാര്യങ്ങൾ കൊടുത്തിട്ടുണ്ട്.
അത് നിങ്ങൾക്ക് പരിശോധിക്കാം എന്നും അറിയിച്ചു. പക്ഷേ ഈ വാർത്ത പുറത്ത് വിടുന്നത് വരേയും എഫ്ഐആർ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നില്ല... തികഞ്ഞ അനാസ്ഥയാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് കുട്ടികൾ പരാതിപ്പെടുമ്പോൾ അതിനെ ശരി വയ്ക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ പ്രകടമായിട്ടുള്ളത്.
https://www.facebook.com/Malayalivartha