ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം ; നഷ്ടപരിഹാരം പൊലീസുകാരിയില്‍ നിന്ന് ഈടാക്കണമെന്ന് സര്‍ക്കാര്‍; പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യത ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിൽ

ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന് സര്‍ക്കാര്‍.അത് പക്ഷെ പൊലീസുകാരിയില്‍ നിന്ന് ഈടാക്കാനനുവദിക്കണം. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യത ഇല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ഒന്നര ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കാനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കഴിഞ്ഞ ഡിസംബറിലാണ് കോടതി നഷ്ടപരിഹാരം സംബന്ധിച്ച് ഉത്തരവിട്ടത്. ഇതിനുമേല്‍ സര്‍ക്കാര്‍ പിന്നീട് അപ്പീലിന് പോകുകയായിരുന്നു. ആദ്യം നഷ്ടം പരിഹാരം നല്‍കൂ എന്ന നിലപാടാണ് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ സ്വീകരിച്ചത്. ഹര്‍ജി മധ്യവേനലവധിക്ക് ശേഷം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ചത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളെയുമാണ് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുമധ്യത്തില്‍ അപമാനിച്ചത്. മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പിങ്ക് പൊലീസ് ഉദ്യേഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറിയത്. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha