വാഹനപാര്‍ക്കിംഗിനെ സംബന്ധിച്ച തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന നഗരസഭാംഗം മരിച്ചു

ഇരുചക്ര വാഹനത്തിലെത്തിയവരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭാ കൗണ്‍സിലര്‍ മരിച്ചു. മലപ്പുറം മഞ്ചേരി നഗരസഭയിലെ 16ാം വാര്‍ഡ് കൗണ്‍സിലറും മുസ്ളീം ലീഗ് നേതാവുമായ തലാപ്പില്‍ അബ്ദുള്‍ ജലീല്‍(52) ആണ് മരിച്ചത്. വെട്ടേറ്റ് ചികിത്സയില്‍ തുടരവെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ട് ആറോടെയാണ് അന്ത്യം. മാര്‍ച്ച് 29ന് രാത്രി 10ഓടെയാണ് ജലീലിനെതിരെ ആക്രമണമുണ്ടായത്.
ഇന്നോവ കാറില്‍ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച് തലയ്‌ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. മുന്‍പ് ജലീലുമായി പാര്‍ക്കിംഗിന്റെ പേരില്‍ ഒരു സംഘം തര്‍ക്കിച്ചിരുന്നതായി സൂചനയുണ്ട്. ഇക്കാര്യങ്ങളില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഞ്ചേരി പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്കെതിരെ വിശദമായ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha