നഗരസഭാ കൗണ്‍സിലറെ കൊലപ്പെടുത്തിയ സംഭവം... മഞ്ചേരിയില്‍ നാളെ ഹര്‍ത്താല്‍

മഞ്ചേരി നഗരസഭാംഗമായ തലാപ്പില്‍ അബ്ദുള്‍ ജലീല്‍(52) കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജലീലിനെ വെട്ടിയ അബ്ദുള്‍ മജീദാണ് പിടിയിലായത്. മറ്റൊരു പ്രതിയായ ഷുഹൈബിന് വേണ്ടി മഞ്ചേരി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൗണ്‍സിലറുടെ മരണത്തെ തുടര്‍ന്ന് നാളെ മഞ്ചേരി നഗരസഭയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.
മാര്‍ച്ച് 29ന് രാത്രി 10ഓടെയാണ് ജലീലിനെതിരെ ആക്രമണമുണ്ടായത്. ഇന്നോവ കാറില്‍ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ് ചികിത്സയില്‍ തുടരവെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ട് ആറോടെയാണ് അബ്ദുള്‍ ജലീല്‍ അന്തരിച്ചത്.
മഞ്ചേരി നഗരസഭയിലെ 16ാം വാര്‍ഡ് കൗണ്‍സിലറും മുസ്‌ളീം ലീഗ് നേതാവുമാണ് അബ്ദുള്‍ ജലീല്‍. പാര്‍ക്കിംഗിന്റെ പേരില്‍ ആക്രമണം നടത്തിയവരുമായി ജലീല്‍ തര്‍ക്കിച്ചിരുന്നതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha