ചിങ്ങവനത്തു നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട്ടിലെ പാറമടക്കുളത്തിൽ; മൃതദേഹം കണ്ടെത്തിയത് റോഡരികിലെ സ്‌കൂട്ടർ കണ്ട് നടത്തിയ പരിശോധനയിൽ; സംഭവത്തിൽ ദുരൂഹത

ചിങ്ങവനം കുറിച്ചിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട് മുലൂരിലെ പാറമടക്കുളത്തിൽ കണ്ടെത്തി. കുറിച്ചി മലകുന്നം വാഴപ്പറമ്പിൽ സദാനന്ദന്റെ മകൻ വി.എസ് അജിന്റെ(25) മൃതദേഹമാണ് പള്ളിക്കത്തോട് മുഴുരിലെ പാറമടക്കുളത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ 29 നാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം പള്ളിക്കത്തോട്ട് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഇതുവഴി നടക്കാനിറങ്ങിയ നാട്ടുകാരാണ് പാറമടക്കുളത്തിനു സമീപത്തെ റോഡരികിൽ സ്‌കൂട്ടർ ഇരിക്കുന്നത് കണ്ടത്. രണ്ടു ദിവസത്തോളമായി ഇവിടെ റോഡരികിൽ സ്‌കൂട്ടറിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവർ വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് പാറമടയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തുരുത്തിയിലെ ബ്ലേഡ് ഇടപാടുകാരനിൽ നിന്നും അജിൻ പണം കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇതേപ്പറ്റി ചോദ്യം ചെയ്യുന്നതിനായി ഇയാൾ വീട്ടിൽ എത്തിയിരുന്നു. എന്നാൽ, ഈ സമയം അജിൻ വീട്ടിലുണ്ടായിരുന്നില്ല. വീട്ടുകാർ ഫോണിൽ വിളിച്ച് വിവരം ചോദിക്കുകയായിരുന്നു.
ഇതിനു ശേഷം അജിൻ വീട്ടിലെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം പള്ളിക്കത്തോട്ടിലെ പാറമടക്കുളത്തിൽ കണ്ടെത്തിയത്. മൃതദേഹം പാറമടക്കുളത്തിൽ നിന്നും പുറത്തെടുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഇവിടെ നിന്നും പുറത്തെടുക്കുന്ന മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. കുറിച്ചി സ്വദേശിയായ യുവാവ് കിലോമീറ്ററുകൾ അകലെയുള്ള പള്ളിക്കത്തോട്ടിൽ എത്തിയത് എന്തിനാണ് എന്ന സംശയമാണ് നാട്ടുകാർ ഇപ്പോൾ ഉന്നയിക്കുന്നത്. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha