പ്രധാന തസ്തികകളില്‍ ആളില്ല; കേരളത്തിലെ റയില്‍വേ പദ്ധതികള്‍ക്കു ദിശ തെറ്റുന്നു

ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറില്ല ചീഫ് എന്‍ജീനിയര്‍മാരുമില്ല. തന്‍മൂലം കേരളത്തിലെ റയില്‍വേ പദ്ധതികള്‍ പാളം തെറ്റുന്നു. ബജറ്റ് വിഹിതത്തിനു പുറമേ ഇബിആര്‍ (എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സസ്) വഴി ലഭിക്കാനുള്ള പണം ഉള്‍പ്പെടെ വാങ്ങിയെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. പ്രധാന തസ്തികയില്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഇതുവരെ റയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടില്ല.
വിവിധ പദ്ധതികള്‍ക്കായി ഇബിആര്‍ കൂടി കൂട്ടിയാല്‍ ഏകദേശം 800 കോടി രൂപയാണ് കേരളത്തിനു ലഭിക്കേണ്ടത്. പ്രധാന ഉദ്യോഗസ്ഥര്‍ പോയതോടെ ചെന്നൈയില്‍ നിന്നാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എല്ലാ ആഴ്ചയും ഫയലുകള്‍ ചെന്നൈയില്‍ കൊണ്ടുപോയി അനുമതികള്‍ വാങ്ങിക്കൊണ്ടു വരണമെന്നതാണു സ്ഥിതി. ഇഷ്ടം പോലെ കാശുണ്ടെങ്കിലും അതു ചെലവഴിക്കാനും മേല്‍നോട്ടത്തിനും ഉദ്യോഗസ്ഥരില്ലെന്ന ഗതികേടാണ്. ബജറ്റ് വിഹിതം തികയാതെ വന്നാല്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ അധികപണം നല്‍കാന്‍ റയില്‍വേ തയാറായിട്ടു പോലും അത് വാങ്ങിയെടുക്കാന്‍ കഴിയുന്നില്ല.
കേരളത്തിലെ മറ്റു പല പദ്ധതികള്‍ക്കും ബജറ്റ് വിഹിതത്തിനു പുറമേ തുല്യമായ ഇബിആര്‍ ബജറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതു ലഭിക്കുമോയെന്നു വ്യക്തമല്ല. ബജറ്റ് വിഹിതം തന്നെ ചെലവഴിക്കാത്ത സംസ്ഥാനമായതിനാല്‍ ഇനി ഇബിആര്‍ കൂടി നല്‍കുമോയെന്ന് അറിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ബജറ്റ് വിഹിതമായ 500 കോടിയില്‍ 90 കോടി രൂപ മാത്രമേ ഇതുവരെ ചെലവാക്കിയിട്ടുള്ളു. പണം ചെലവഴിക്കാതെ വകമാറ്റിയാല്‍ അടുത്ത കൊല്ലം ഇതിന്റെ പകുതിപോലും കേരളത്തിനു കിട്ടില്ല. തിരുവല്ല-ചെങ്ങന്നൂര്‍ പാത ഇരട്ടിപ്പിക്കലിനു തടസ്സമായി നില്‍ക്കുന്ന കല്ലിശേരിയിലെ ട്രാന്‍സ്‌ഫോമര്‍ ആറു മാസമായിട്ടും മാറ്റി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സ്ഥലമേറ്റെടുപ്പും ഇഴയുകയാണ്.
ഇബിആര്‍ വഴി ലഭിക്കുന്ന പണം ഉപയോഗിച്ച് എട്ടു പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ തമിഴ്‌നാട് നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തില്‍ കന്യാകുമാരി തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിനു മാത്രമാണ് റയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചത്. തുറവൂര്‍അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ എസ്റ്റിമേറ്റ് പോലും തയാറായിട്ടില്ല. കന്യാകുമാരി പാതയ്ക്ക് 20.58 കോടി രൂപയും തുറവൂര്‍അമ്പലപ്പുഴയ്ക്കു 22.87 കോടി രൂപയുമാണ് ഈ സാമ്പത്തിക വര്‍ഷം കേരളത്തിനു ലഭിക്കേണ്ടത്. ഇവ രണ്ടും ബജറ്റ് വിഹിതം ഇല്ലാത്തതും അധിക വിഭവ സമാഹരണം (ഇബിആര്‍) വഴി നടപ്പാക്കേണ്ടതുമായ പദ്ധതികളാണ്. എല്‍ഐസിയില്‍ നിന്നു കടം വാങ്ങിയ പണമാണ് ഇബിആര്‍ എന്ന പേരില്‍ റയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനു ചെലവാക്കുന്നത്.
പാത ഇരട്ടിപ്പിക്കലിന് 2015 ബജറ്റ് വിഹിതം ഇങ്ങനെ: (ബ്രായ്ക്കറ്റില്‍ ഇബിആര്‍, എല്ലാം കോടി രൂപയില്‍)
ചെങ്ങന്നൂര്‍-ചിങ്ങവനം 58 (70), ചിങ്ങവനം-കുറുപ്പന്തറ 105 (120), കുറുപ്പന്തറ-മുളന്തുരുത്തി 19.9 (25), ഹരിപ്പാട്-അമ്പലപ്പുഴ 55 (55), കുമ്പളം-തുറവൂര്‍ 80 (90), എറണാകുളം-കുമ്പളം 30 (40).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























