കോഴിക്കോട്ട് കടപ്പുറത്ത് ബെക്ക് റേസിങ്ങിനെത്തിയ യുവാക്കള്‍ കമാന്റോ പോലീസിനെ ആക്രമിച്ചു, ഇരുമ്പു ഗ്രില്ലിട്ട വാഹനത്തില്‍ പോലീസുകാര്‍ പേടിച്ചിരുന്നത് മണിക്കൂറുകളോളം

കോഴിക്കോട് കടപ്പുറത്തു ബൈക്ക് റേസിങ്ങിനെത്തിയ നൂറോളം യുവാക്കള്‍ പോലീസിനെ കല്ലെറിഞ്ഞ് വാഹനത്തില്‍ ബന്ദിയാക്കി. കേരളാ പോലീസിന്റെ പേരുകേട്ട കമാന്റോ, സ്‌ട്രെക്കിങ് ഫോഴ്‌സ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുമ്പു ഗ്രില്ലിട്ട വാഹനത്തിന്റെ സുരക്ഷയില്‍ പേടിച്ചിരുന്നത് മണിക്കൂറുകളോളമാണ്. ബുധനാഴ്ച രാത്രിയാണ് സംഭവം. പിറ്റേന്ന് പെരുന്നാളായതിനാല്‍ സുരക്ഷയൊരുക്കാനെത്തിയതായിരുന്നു കമാന്റോകളുള്‍പ്പെടുന്ന പോലീസ് സംഘം. ഈ സമയം ബൈക്ക് റേസിങിന് എത്തിയ പണക്കൊഴുപ്പുള്ള യുവാക്കളാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. പിറ്റേന്ന് പെരുന്നാളായതിനാലാണ് സംഭവത്തില്‍ പോലീസ് പ്രതികരിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഈദ്ഗാഹിനു സുരക്ഷയൊരുക്കാന്‍ നിയുക്തരായ പോലീസ് സംഘമാണു സാമൂഹികവിരുദ്ധരായ ഒരുപറ്റം യുവാക്കള്‍ക്കു മുന്നില്‍ ഭീരുക്കളെപ്പോലെ പേടിച്ചിരുന്നത്. ബീച്ച് റോഡില്‍ ബൈക്ക് റേസിങ്ങിനു നിരോധനമുണ്ടായിട്ടും കല്ലേറു പേടിച്ച് പോലീസ് നടപടിക്കു തയാറായില്ല.ലാത്തിയും കണ്ണീര്‍വാതകവും ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളുമുണ്ടായിട്ടും വാഹനത്തില്‍നിന്ന് ഇറങ്ങി യുവാക്കളെ നേരിടാതെ നാണക്കേടുണ്ടാക്കിയതില്‍ പോലീസില്‍തന്നെ അമര്‍ഷമുയര്‍ന്നു. യാതൊരു പ്രകോപനവുമില്ലാതെ യുവാക്കള്‍ ആക്രമണമഴിച്ചുവിട്ടിട്ടും പോലീസ് പ്രതികരിച്ചില്ല. കല്ലേറിനിടെ സ്ഥലത്തെത്തിയ പോലീസിന്റെ ടാങ്കോ പാര്‍ട്ടി ഒരുതവണ അക്രമികളെ വിരട്ടിയോടിച്ചു. എന്നിട്ടും വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങാന്‍ ധൈര്യം കാട്ടിയില്ല. ടാങ്കോ പാര്‍ട്ടി പോയതിനു പിന്നാലെ അക്രമികള്‍ കല്ലേറു തുടരുകയും ചെയ്തു.
പോലീസ് വാഹനങ്ങളുടെ ചില്ലുകള്‍ക്കു കവചമായി ഇരുമ്പുവലയുള്ളതിനാല്‍ നാശനഷ്ടമില്ല. നിയമപാലകര്‍ പുറത്തിറങ്ങാത്തതിനാല്‍ ആര്‍ക്കും പരുക്കുമില്ല. ഈദ്ഗാഹ് നടക്കേണ്ട സ്ഥലത്തു നടപടിയെടുത്താല്‍ വിവാദമാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണത്രേ പോലീസ് നടപടിയെടുക്കാതിരുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണു സിറ്റി പോലീസ് കമ്മിഷണര്‍ പി.എ: വത്സന്റെ നിലപാട്. എന്നാല്‍, പോലീസിനെതിരേ ആക്രമണമുണ്ടായിട്ടും നടപടിയെടുത്തില്ലെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ചു ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണമാരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























