അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം ഞായറാഴ്ച

അമൃതാനന്ദമയിയുടെ 62-ാം ജന്മദിനാഘോഷം ഞായറാഴ്ച നടക്കും. രാവിലെ പാദപൂജയോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് അമൃതാനന്ദമയിയുടെ പിറന്നാള്‍ സന്ദേശം. അമൃതകീര്‍ത്തി പുരസ്‌കാരദാനം, സാധുക്കള്‍ക്ക് വസ്ത്രവിതരണം, പുസ്തക പ്രകാശനം, വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ദര്‍ശനം എന്നിവയും നടക്കും.
ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് ചടങ്ങുകള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന കൂറ്റന്‍ പന്തലാണ് ഒരുക്കിയിട്ടുള്ളത്. 2,500 അടി നീളവും 1,000 അടി വീതിയുമുള്ള പന്തല്‍ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. പന്തലിനോടൊപ്പം 200 അടി നീളവും 40 അടി വീതിയുമുള്ള സ്റ്റേജും തയാറാക്കിയിട്ടുണ്ട്. സ്വദേശി വസ്തുക്കള്‍ ഉപയോഗിച്ച് തികച്ചും ഭാരതീയമായ രീതിയിലാണ് പന്തലും സ്റ്റേജും ഒരുക്കിയിട്ടുള്ളത്. ജന്മദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വീഡിയോ വാളിലൂടെ സ്റ്റേജിലെ ദൃശ്യങ്ങള്‍ കാണാനുള്ള സൗകര്യവുമുണ്ട്. പന്തലിനു ചുറ്റുമായി തന്നെ ഭക്ഷണം, വെള്ളം, ആശുപത്രി, ആംബുലന്‍സ്, അഗ്നിശമന സംവിധാനം, ശൗചാലയം എന്നിവ ഒരുക്കിയിട്ടുണ്ട്.
ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ക്കായി സ്റ്റേജിനോട് ചേര്‍ന്ന് തന്നെ വിശ്രമ മുറിയും ഒരുക്കിയിട്ടുണ്ട്. ശബ്ദ മലിനീകരണം ഒട്ടും ഇല്ലാത്ത തരത്തില്‍ ആശ്രമത്തിലെ തന്നെ ബ്രഹ്മചാരികളും, അന്തേവാസികളും ചേര്‍ന്നാണ് ഈ മുറിയിലെ ശബ്ദസംവിധാനം സജ്ജമാക്കിയിട്ടുള്ളത്. പന്തലിന് പുറത്തേക്ക് ശബ്ദം പോകാതെ, ഉള്ളിലുള്ള മുഴുവന്‍ പേര്‍ക്കും വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ശബ്ദ മിശ്രണ സംവിധാനമാണുള്ളത്. സമ്മേളന വേദിയിലേക്ക് ദേശീയ പാതയില്‍ നിന്ന് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജന്മദിനാഘോഷ വേദിയും, പന്തലും, ചുറ്റുമുള്ള വഴികളും, പോലീസിന്റെ കാമറ നിരീക്ഷണ സംവിധാനത്തിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 2,500 ഓളം പോലീസുകാരെയാണ് സുരക്ഷാ സംവിധാനത്തിനായി വിന്യസിച്ചിട്ടുള്ളത്.
ചടങ്ങിന് മുന്നോടിയായി ഇന്ന് വൈകുന്നേരം അമൃതപുരയില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. 2015 ലെ അമൃത കീര്‍ത്തി പുരസ്‌കാരത്തിന് പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ മുതുകുളം ശ്രീധരന്‍ അര്‍ഹനായി. സംസ്‌കൃത സാഹിത്യത്തിന് നല്‍കിയ സംഭാവനയ്ക്കാണ് പുരസ്‌കാരം. 1,23,456 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























