സഹകരണമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് അനില്‍ കുമാര്‍

കണ്‍സ്യൂമര്‍ഫെഡ് വിഷയത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍. കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി ജോയി തോമസ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കട്ടത് കയ്യില്‍വച്ച് വഴിയെ പോകുന്നവനെ കള്ളനെന്ന് വിളിക്കുകയാണ് ജോയ് തോമസെന്നും അനില്‍കുമാര്‍ കുറ്റപ്പെടുത്തി.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നടത്തിയ മുന്‍ എം.ഡി ജോയ് തോമസ് തന്നോട് മാപ്പ് പറയണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വക്കില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നടപടിയുണ്ടാകാത്തപക്ഷം ജോയ് തോമസിന് എതിരെ രണ്ടുകോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കും. അഴിമതി നടന്നുവെന്ന് തെളിഞ്ഞതുകൊണ്ടാണ് സര്‍ക്കാര്‍ ഭരണസമിതി പിരിച്ചുവിട്ടതെന്നും അനില്‍ കുമാര്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ കോടതിക്ക് മുന്നിലുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിന് സഹകരണമന്ത്രി തയ്യാറായിട്ടില്ല. ആരോപണ വിധേയരെ സംരക്ഷിക്കുന്ന സമീപനമാണ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ സ്വീകരിക്കുന്നത്. വിജിലന്‍സ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ പറഞ്ഞവരെ നിലനിര്‍ത്തുന്ന മന്ത്രിയുടെ നടപടി ദുരൂഹതയുയര്‍ത്തുന്നു. അതുകൊണ്ടാണ് സിബിഐ അന്വേഷണം എന്ന ആവശ്യമുന്നയിച്ചതെന്നും അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























