തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ന് കൂടുതൽ മഴ ലഭിക്കുക മലയോര മേഖലകളിൽ

തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുകയാണ്. ഇതിനുപിന്നാലെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിക്കുകയുണ്ടായി. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുള്ളതായി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ മലയോര മേഖലകളിലാണ് ഇന്ന് കൂടുതൽ മഴ ലഭിക്കുക. തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുകയുണ്ടായി. അതേസമയം കേരളത്തിന്റെ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
കൂടാതെ ഇന്ന് ഉച്ചയ്‌ക്ക് ശേഷം 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയങ്ങളിൽ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതായി പറയുന്നു. ഇന്നലെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സമാനമായി മഴ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണം. ഗൃഹോപകരണങ്ങളുമായുള്ള വൈദ്യുതി ബന്ധം വിഛേദിക്കണം. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























