റയില്‍വേയെ കരുവാക്കി ജലവകുപ്പില്‍ നിന്നു കുടിശിക പിരിച്ചെടുക്കാനുള്ള കെഎസ്ഇബി സമ്മര്‍ദതന്ത്രത്തില്‍ കുടുങ്ങി ചെങ്ങന്നൂര്‍-തിരുവല്ല പാത ഇരട്ടിപ്പിക്കല്‍ തടസ്സപ്പെടുന്നു

കെഎസ്ഇബിയും ജലവകുപ്പും തമ്മിലുള്ള തര്‍ക്കം കാരണം ഒന്‍പത് കിലോമീറ്റര്‍ പാത പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിലയിലാണ് റയില്‍വേ. ചെങ്ങന്നൂര്‍-തിരുവല്ല റയില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടു റയില്‍വേ വീണ്ടും സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കും. ഒരു ട്രാന്‍സ്‌ഫോമറില്‍ കുരുങ്ങിയാണു പാത ഇരട്ടിപ്പിക്കല്‍ പ്രധാനമായും തടസ്സപ്പെട്ടിരിക്കുന്നത്. പുതിയ പാത സ്ഥാപിക്കാനായി കല്ലിശേരിയിലുള്ള ട്രാന്‍സ്‌ഫോമര്‍ മാറ്റാനായി റയില്‍വേ രണ്ടു വര്‍ഷം മുന്‍പു 35 ലക്ഷം രൂപ കെട്ടിവച്ചിരുന്നു. എന്നാല്‍, ജലവകുപ്പ് കോടികളുടെ കുടിശിക വരുത്തിയതിനാല്‍ ട്രാന്‍സ്‌ഫോമര്‍ മാറ്റാന്‍ വൈദ്യുതി വകുപ്പ് തയാറായിട്ടില്ല.
റയില്‍വേയെ കരുവാക്കി ജലവകുപ്പില്‍ നിന്നു കുടിശിക പിരിച്ചെടുക്കാനുള്ള സമ്മര്‍ദ തന്ത്രമാണ് കെഎസ്ഇബി പ്രയോഗിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ നിര്‍മാണ വിഭാഗം മുന്‍പു കേന്ദ്ര റയില്‍വേ മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. 2006-ല്‍ ഭരണാനുമതി ലഭിച്ച ചെങ്ങന്നൂര്‍-ചിങ്ങവനം (26.50 കിലോമീറ്റര്‍) പാത ഇരട്ടിപ്പിക്കല്‍ ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ ഒന്‍പത് കിലോമീറ്റര്‍ പോലും തികച്ചിട്ടില്ല.
സ്ഥലമേറ്റെടുപ്പ്, അടിപ്പാതകളുടെ നിര്‍മാണം എന്നിവ കാരണം ഒച്ചിഴയുന്ന വേഗത്തിലാണു പണികള്‍ നടന്നത്. മണ്ണെടുപ്പാണ് മറ്റൊരു കീറാമുട്ടി. 30,000 ക്യുബിക് അടി മണ്ണുകൂടി കരാറുകാരന്‍ ഈ റീച്ചില്‍ എത്തിക്കാനുണ്ട്. കരാറുകാരുടെ സംഘടന നേതാവായ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ റയില്‍വേ ഉദ്യോഗസ്ഥര്‍ക്കും ധൈര്യമില്ല. തിരുവല്ല-ചെങ്ങന്നൂര്‍ സെക്ഷന്‍ പൂര്‍ത്തിയായാല്‍ തിരുവല്ല-ചങ്ങനാശേരി (7.9 കിലോമീറ്റര്‍) പെട്ടെന്നു തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു അധികൃതര്‍. പാലങ്ങള്‍ കുറവായ ഈ റീച്ചില്‍ മണ്ണ് ഒരുക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നേരത്തെ തീര്‍ന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























